കൊച്ചി: തീ തുപ്പുന്ന ബൈക്കുമായി കൊച്ചി നഗരത്തിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ കിരൺ ജ്യോതി എന്ന യുവാവാണ് ബൈക്ക് ഓടിച്ചതെന്ന് എം.വി.ഡി കണ്ടെത്തി. ഇയാളുടെ പിതാവിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ. പിതാവിനോട് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് രൂപമാറ്റം വരുത്തിയ സൈലൻസർ ഘടുപ്പിച്ച ബൈക്കുമായി യുവാവ് കൊച്ചി നഗരത്തിൽ കറങ്ങിയത്. പിന്നാലെ വന്ന കാർ യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.