കൊച്ചി: ബീഡിയുടെയും സിഗരറ്റിന്റെയും പുകശല്യം വീടുകളിൽ നിന്ന് പടിയിറക്കി സ്ത്രീകൾക്ക് നൽകിയ ആശ്വാസമാണ് പുകവലി നിരോധനത്തിന്റെ 25-ാം വാർഷികത്തിലും വിധിക്ക് കാരണക്കാരിയായ മോനമ്മയുടെ സന്തോഷം.
1999ജൂലായ് 12നായിരുന്നു ചരിത്ര ഉത്തരവ്. പിന്നാലെ വിവിധ സംസ്ഥാനങ്ങൾ വിധി നടപ്പാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുകവലി നിയന്ത്രിക്കാൻ കർശനനടപടി സ്വീകരിച്ചു.
കോട്ടയം ബി.സി.എം കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്ന മോനമ്മ വിവാഹം കഴിഞ്ഞാണ് എറണാകുളത്തെത്തിയത്. ദിവസവും ട്രെയിനിൽ എറണാകുളത്തു നിന്ന് കോട്ടയത്തിനും തിരിച്ചും യാത്ര. കമ്പാർട്ടുമെന്റിൽ പുകവലിക്കുന്നവർ നിരവധി. പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല.
എറണാകുത്ത് നടന്ന ഒരു പൊതുചടങ്ങിൽ പുകവലിശല്യം മോനമ്മ ഉന്നയിച്ചു. സമാന അനുഭവമുള്ള കോഴിക്കോട് സ്വദേശി കെ. രാമകൃഷ്‌ണൻ പിന്തുണച്ചു. രാമകൃഷ്‌ണനെ സഹഹർജിക്കാരനാക്കി പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം ആവശ്യപ്പെട്ട് മോനമ്മ 1998ൽ ഹർജി നൽകി. 1999ജൂലായ് 12ന് ചീഫ് ജസ്റ്റിസായിരുന്ന എ.ആർ. ലക്ഷ്‌മൺ, ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു. ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശവും നൽകി.
ഭീഷണികളും വെല്ലുവിളികളും അതിജീവിച്ചാണ് നിയമപോരാട്ടം നടത്തിയത്. വൻകിട സിഗരറ്റ് കമ്പനികൾ ഉൾപ്പെടെ ഹർജി പിൻവലിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
2011ൽ സംസ്ഥാന വനിതാ കമ്മിഷൻ അംഗമായ മോനമ്മ 'നെവർ മീ" എന്ന സംഘടനയുടെ അദ്ധ്യക്ഷയാണ്. ചൂഷണത്തിന് വിധേയയാകില്ലെന്ന സന്ദേശം സ്ത്രീകൾക്ക് നൽകുന്ന സംഘടന സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
''വലിയ ഗുണഫലങ്ങളുണ്ടാക്കിയ ഉത്തരവിന് കാരണക്കാരിയായതിൽ സന്തോഷമുണ്ട്
- മോനമ്മ കോക്കാട്