fish

സാധാരണക്കാരുടെ മത്സ്യമായ മത്തിക്ക് 'കുടുംബം പുലർത്തി" എന്നൊരു വിളിപ്പേരുണ്ട്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാനവും സാമ്പത്തിക സ്രോതസുമാണ് മത്തി. ഇന്ത്യയിൽ പിടിച്ചെടുക്കുന്ന സമുദ്രമത്സ്യങ്ങളുടെ 15- 17 ശതമാനം മത്തിയാണ്. കേരളത്തിലാകട്ടെ,​ 22 ശതമാനം വരെയാണ് മത്തിയുടെ പങ്ക്. ഒന്നര ലക്ഷം ടൺ മത്തി പ്രതിവർഷം കേരളം പിടിച്ചെടുക്കുന്നുണ്ട്! ചില വർഷങ്ങളിൽ ഈ കണക്കിൽ വലിയ ഇടിവുണ്ടാകും. കാലാവസ്ഥാ വ്യതിയാനം, മീൻപിടിത്ത യാനങ്ങളുടെയും വലകളുടെയും എണ്ണത്തിലും വലുപ്പത്തിലും ശേഷിയിലുമുണ്ടാകുന്ന വർദ്ധനവ് തുടങ്ങിയവയാണ് ഏറ്രക്കുറച്ചിലിന് കാരണം.

ഇറ്റാലിയൻ ദ്വീപായ സാർഡീനിയ മേഖലയിൽ സുലഭമായി കണ്ടുവരുന്ന മത്സ്യം എന്ന നിലയ്ക്കാണ് മത്തിക്ക് ഇംഗ്ലീഷിൽ 'സാർഡീൻ" എന്ന് പേരു കിട്ടിയത്. സാർഡീനുകളുടെ കൂട്ടത്തിൽ,​ നീളമുള്ള തലയുള്ളത് എന്നർത്ഥം വരുന്ന 'സാഡിനെല്ല ലോഞ്ചിസെപ്സ്" എന്നതാണ് മത്തിയുടെ ശാസ്ത്രീയ നാമം. ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കു പടിഞ്ഞാറ് ഭാഗങ്ങളിലാണ് മത്തിയെ കാണുന്നത്. തീരത്തോടു ചേർന്ന് തണുത്ത, ഉപ്പു കുറഞ്ഞ, 50 മീറ്റർ വരെ ആഴമുള്ള ജലോപരിതലത്തിലാണ് പൊതുവെ 'മത്തി ജീവിതം." താപനില ഉയർന്നാലും ലവണാംശത്തിൽ വ്യതിയാനം വന്നാലും മത്തി നാടുവിട്ട് മാറിപ്പോകും!

കൂട്ടത്തോടെ സഞ്ചരിക്കുന്ന മത്തിയുടെ പ്രധാന ആഹാരം സൂക്ഷ്മസസ്യങ്ങളായ ഫൈറ്റോപ്ലാങ്ടണുകളാണ്. പെട്ടെന്ന് വളരും. 14.7 സെന്റിമീറ്റർ വളർച്ചയെത്തിയാൽ പ്രായപൂർത്തിയായി. വർഷം മുഴുവൻ പ്രജനന കാലമാണെങ്കിലും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് ഇത് വർദ്ധിക്കും. ഒരു മത്സ്യം 60,​000 മുതൽ ഒരു ലക്ഷത്തിലധികം വരെ മുട്ടകളിടും. കേരള സർക്കാരിന്റെ 2015-ലെ ഉത്തരവു പ്രകാരം,​ നിയമാനുസൃതം പിടിക്കാൻ പാടുള്ള മത്സ്യത്തിന്റെ ഏറ്റവും ചെറിയ നീളം (മിനിമം ലീഗൽ സൈസ്- എം.എൽ.എസ് ) മത്തിക്ക് 10 സെന്റിമീറ്ററാണ്. അതിനേക്കാൾ നീളമെത്തുന്ന മത്സ്യത്തെ 10 സെന്റീമീറ്റർ മുതൽ പിടിച്ചെടുക്കാമെന്ന വ്യവസ്ഥ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

എം.എൽ.എസ്

ഗുണം ചെയ്തോ?

രാജ്യത്ത് ആദ്യമായി 2015- ൽ കേരളമാണ് 58 ഇനം മത്സ്യങ്ങളുടെ എം.എൽ.എസ് നിർണയിച്ചത്. ഈ ഉത്തരവ് ഉദ്ദേശിച്ച ഫലം നൽകിയോ എന്നതിന് ഉത്തരം, മത്തിക്കുഞ്ഞുങ്ങളെ പിടിച്ചതിലൂടെ 137 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായി എന്ന സി.എം.എഫ്.ആർ.ഐയുടെ 2023-ലെ പഠന റിപ്പോർട്ടാണ്. അതിലുപരി, 2015-ൽ എം. എൽ.എസ് നടപ്പാക്കിയിട്ടും 2021-ൽ മത്തിയുടെ ലഭ്യത അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ രേഖപ്പെടുത്തി. എം.എൽ.എസ് ഉത്തരവ് ഉദ്ദേശിച്ച ലക്ഷ്യം കാണാത്തതിന് പ്രധാന കാരണം കടലിൽ നിന്ന് മത്സ്യം പിടിക്കുന്ന മത്സ്യത്തൊഴിലാളി മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നതാണ്. ചെറിയ മത്സ്യം വാങ്ങുന്നവരോ, കൈവശം വയ്ക്കുന്നവരോ, ചരക്കുനീക്കം നടത്തുന്നവരോ ശിക്ഷാർഹരല്ല. കൈകാര്യം ചെയ്യുന്നവർക്കെല്ലാം ഈ വ്യവസ്ഥ ബാധകമാക്കിയെങ്കിലേ എം.എൽ.എസ് ഉത്തരവ് ഫലം നൽകൂ.

മത്തിയുടെ

നിലയും വിലയും

'നിലയും വിലയു"മുള്ള മത്സ്യങ്ങളായി പൊതുവെ കരുതപ്പെടുന്നവ ആകോലി, അയക്കൂറ, നെയ്‌മീൻ തുടങ്ങിയവയാണ്. പോഷകഗുണമാണ് മാനദണ്ഡമെങ്കിൽ ആ നിലയും വിലയും കിട്ടേണ്ടത് മത്തിക്കാണ്. അമേരിക്കൻ ഐക്യനാടുകളിലെ കാർഷിക വകുപ്പ് നടത്തിയ ഗവേഷണ ഫലമനുസരിച്ച് 100 ഗ്രാം മത്തിയിൽ നിന്ന് 185 കിലോ കലോറി ഊർജ്ജം ലഭിക്കും. 20.85 ഗ്രാം പ്രോട്ടീൻ, 10.45 ഗ്രാം ടോട്ടൽ ഫാറ്റ്, ഫോലേറ്റ്, വിറ്റാമിൻ ഡി, സെലിനിയം, കാൽസ്യം, വിറ്റാമിൻ ബി 12 എന്നിവയ്ക്കു പുറമെ ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.

ഒമേഗ- 3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഘടകമാണ്. മത്തിക്ക് ക്യാൻസർ പ്രതിരോധ ശക്തിയുമുണ്ട്. എല്ലുകൾക്ക് ബലം നൽകും, പ്രതിരോധ ശക്തി വർദ്ധിപ്പിക്കും, പ്രമേഹം ചെറുക്കും, കൊളസ്ട്രോൾ കുറയ്ക്കും, ഓർമ്മശക്തി വർദ്ധിപ്പിക്കും, തിളക്കമുള്ള ചർമ്മം നൽകും!

മത്തിയെ

സംരക്ഷിക്കണം

പ്രതികൂല കാലാവസ്ഥയ്ക്കൊപ്പം അമിതമായ ചൂഷണം കൂടിയാകുമ്പോൾ മത്തിയുടെ ലഭ്യത നന്നേ കുറയും. വേഗത്തിൽ വളരുന്ന, കുറച്ചു കാലം മാത്രം ജീവിക്കുന്ന, ഭക്ഷണശൃംഖലയുടെ താഴെത്തട്ടിൽ നിൽക്കുന്ന, കൂട്ടമായി സഞ്ചരിക്കുന്ന, കൂട്ടമായി ഇണചേരുന്ന, ഒരുപാട് മുട്ടകൾ ഇടുന്ന മത്തിക്ക് പുനരുജ്ജീവനത്തിനു വേണ്ട കാലയളവ് ഒന്നു മുതൽ രണ്ടു വർഷം വരെയാണ്. പത്തു വർഷം തുടർച്ചയായി ലഭ്യതയിൽ തീരെ കുറവ് രേഖപ്പെടുത്തുകയോ, മൂന്നു തലമുറ കഴിഞ്ഞിട്ടും പുനരുജ്ജീവനം നടക്കാതെ പോവുകയോ ചെയ്താൽ മത്തി വെറും ഓർമ്മയായി മാറും!

യാനങ്ങൾ നിയന്ത്രിക്കുകയും,​ 14.7 സെന്റിമീറ്ററിൽ താഴെയുള്ള മത്തിപിടിത്തം നിരോധിക്കുകയും,​ മത്സ്യക്കച്ചവടക്കാരെ എം.എൽ.എസ് ഉത്തരവിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്താൽ മാറ്റം പ്രതീക്ഷിക്കാം.

(കൊച്ചിയിലെ 'കുഫോസ്" ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനിയറിംഗ് ഡീൻ ഇൻ ചാർജും, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് തലവനുമാണ് പ്രൊഫ. ഡോ. എം.കെ.സജീവൻ. ഫോൺ: 97695 86759)