കൊച്ചി: നഗരത്തിലെ കുടിവെള്ള വിതരണത്തിന് എ.ഡി.ബിയുമായുള്ള കരാർ പുന:പരിശോധിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. കുടിവെള്ളവിതരണം എ.ഡി.ബി പദ്ധതിയിൽ സൂയസ് എന്ന ബഹുരാഷ്ട്ര കമ്പനിക്ക് നൽകുന്ന ഉദ്യോഗസ്ഥനീക്കത്തിൽ ആശങ്കയറിയിച്ച് കേരള വാട്ടർ അതോറിറ്റി (കെ.ഡബ്ല്യു.എ) സംയുക്ത സമരസമിതി സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ കമ്പനിക്ക് കുടിവെള്ള വിതരണം കൈമാറിയാൽ വാട്ടർ അതോറിറ്റിയിൽനിന്ന് സാധാരണക്കാർക്ക് ലഭിക്കുന്ന പല സേവനങ്ങളും നഷ്ടമായേക്കും. കുടിവെള്ളത്തിന്റെ വില നിശ്ചയിക്കുന്നതടക്കം തീരുമാനങ്ങൾ സ്വകാര്യകമ്പനികളുടെ കൈവശമായാൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ജീവനക്കാരുടെ എതിർപ്പ് അവഗണിച്ച് ഉദ്യോഗസ്ഥതലത്തിൽ കരാറുമായി മുന്നോട്ടുപോകുന്നത് പരിശോധിക്കണമെന്നും പ്രശ്‌നത്തിൽ തീർപ്പുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
എ.ഡി.ബി പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ചചെയ്യാതെ മുന്നോട്ടുപോയാൽ പ്രതിഷേധസമരത്തിലേക്ക് കടക്കാൻ കൺവെൻഷൻ തീരുമാനിച്ചു. കെ.ഡബ്ല്യു.എ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് പി. കരുണാകരൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി. രാജു, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, കോർപ്പറേഷൻ ഡപ്യൂട്ടി മേയർ കെ.എ. അൻസിയ, പ്രൊഫ. കെ. അരവിന്ദാക്ഷൻ, അക്വ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സന്തോഷ് കുമാർ, എലിസബത്ത് അസീസി, പി. ബിജു, എം.എം. ജോർജ് തുടങ്ങിയവർ സംസാരിച്ചു.