മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ മഹായജ്ഞത്തിന്റെ ഭാഗമായി ഗർഭന്യാസം നടന്നു. ഷഡാധാര പ്രതിഷ്ഠക്ക് ശേഷം നടക്കുന്ന പ്രധാന ചടങ്ങാണിത്. ഇഷ്ടകാസ്ഥാപനത്തിന് ശേഷം മദ്ധ്യത്തിലായി ചെമ്പുകൊണ്ട് ഉണ്ടാക്കിയ അടപ്പോടുകൂടിയ ഗർഭപാത്രം സ്ഥാപിക്കുന്ന ചടങ്ങാണ് ഗർഭന്യാസം. പഞ്ചാക്ഷരീ മന്ത്രം കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ തരണനല്ലൂർ ദേവൻ നാരായണൻ നമ്പൂതിരിയാണ് ഗർഭന്യാസം നിർവ്വഹിച്ചത്. മേൽശാന്തി പുളിക്കാപ്പറമ്പ് ദിനേശൻ നമ്പൂതിരി, ട്രസ്റ്റ് ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഇതിന് മുന്നോടിയായി ശുദ്ധി, അധിവാസ പൂജ, ഇഷ്ടകാന്യാസം എന്നീ ചടങ്ങുകളും രണ്ട് ദിവസങ്ങളിലായി നടന്നു.