ആലുവ: ആലുവ മേഖലയിൽ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് മാസങ്ങൾ പിന്നിട്ടിട്ടും സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ പ്രതിഷേധം. പെരുമ്പാവൂർ ദേശസാത്കൃത റോഡും അശോകപുരം - മെഡിക്കൽ കോളേജ് റോഡുമാണ് കാൽനട യാത്ര പോലും ദുസഹമാക്കും വിധം തകർന്നത്.
അൻവർ സാദത്ത് എം.എൽ.എ വിഷയം നിയമസഭയിൽ വരെ ഉന്നയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പൈപ്പിടുന്നതിനായി റോഡ് വാട്ടർ അതോറിട്ടിക്ക് കൈമാറിയിരിക്കുകയാണെന്നും തിരിച്ചേൽപ്പിച്ചിട്ടില്ലെന്നുമാണ് പി.ഡബ്ള്യു.ഡി പറയുന്നത്. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം കുട്ടമശേരിയിൽ റോഡുമായി ബന്ധപ്പെട്ട പരാതികൾ വാട്ടർ അതോറിട്ടിയെ അറിയിക്കണമെന്ന് സൂചിപ്പിച്ച് പി.ഡബ്ളിയു.ഡി ബോർഡ് നാട്ടിയത് താലൂക്ക് സഭയിലും ചർച്ചയായി.
തകർന്നുകിടക്കുന്ന കൊച്ചിൻ ബാങ്ക് - മെഡിക്കൽ കോളേജ് റോഡിൽ കൊടികുത്തുമല ഭാഗത്തെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കുമെന്ന അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗതീരുമാനവും നടപ്പായില്ല. മാസങ്ങളായി റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വേനൽക്കാലത്ത് പരിസരത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പൊടിയും മഴക്കാലമായതോടെ ചെളിയും തെറിക്കുന്ന അവസ്ഥയാണ്. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ കുഴികളിലെ മണ്ണ് ഒലിച്ചുപോയതും അപകടമായി. രോഗികളുമായി പോകുന്ന ആംബുലൻസുകളും ദുരിതം അനുഭവിക്കുകയാണ്.
റോഡ് ഉപരോധം ഇന്ന്
പെരുമ്പാവൂർ ദേശസാത്കൃത റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഉപരോധിക്കും. പരസ്പരം പഴിചാരുന്ന പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി അധികാരികളുടെ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടാൻ കൂടിയാണ് ഉപരോധം. രാവിലെ 11 ന് കുട്ടമശേരിയിൽ നടക്കുന്ന ഉപരോധം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിക്കും.
നടപടിയെടുക്കണമെന്ന് ബി.ജെ.പി
പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയിൽ വാഹനങ്ങൾ വീണ് അപകടമുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ബി.ജെ.പി ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്നയും നൊച്ചിമ മേഖല കൺവീനർ രാധാകൃഷ്ണൻ പാറപ്പുറവും ആവശ്യപ്പെട്ടു. സർവ്വകക്ഷി യോഗ തീരുമാനം നടപ്പിലാക്കാൻ കഴിയാത്ത എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.