ചോറ്റാനിക്കര; വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ആധുനികമായി സജ്ജീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മേയർ അഡ്വ. എം അനിൽകുമാർ നിർവഹിക്കും. ആധുനികകിച്ചൻ ഒരുക്കുന്നതിന് ചോറ്റാനിക്കര ആംഫിനോൾ എഫ്.സി.ഐ കണക്ടേഴ്സ് സി.എസ്. ആർ ഫണ്ടിൽനിന്ന് നൽകിയ 7ലക്ഷംരൂപയും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതവും ഉൾപ്പെടുത്തിയാണ് ജനകീയഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്.
വിശപ്പുരഹിത ചോറ്റാനിക്കര പദ്ധതിയും ഇന്ന് തുടങ്ങും. പഞ്ചായത്തിലെ ഒരാൾപോലും പണമില്ലാത്തതിനാൽ വിശന്നിരിക്കരുതെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 30രൂപകൗണ്ടറിൽ അടച്ച് വിശപ്പുരഹിത ചോറ്റാനിക്കര പദ്ധതിയുടെ ഭാഗമായി കൂപ്പണുകളെടുക്കാം. അവ ജനകീയ ഹോട്ടലിനുമുന്നിലെ ബോർഡിൽ പ്രദർശിപ്പിക്കും. വിശന്നുവലയുന്നവർക്ക് ആ കൂപ്പണുകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കാം.
അഞ്ഞൂറ് പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിന് ആവശ്യമായ തുക ഗ്രാമപഞ്ചായത്തിനു കൈമാറി കണയന്നൂർ കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്റ് എം. പി. ഉദയൻ വിശപ്പുരഹിത ചോറ്റാനിക്കര പദ്ധതി ഉദ്ഘാടനം ചെയ്യും.