കൊച്ചി: അരൂർ - തുറവൂർ ഫ്ലൈഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട യാത്രാദുരിതം കുറയ്ക്കാൻ അമിക്കസ്‌ക്യൂറി ഹൈക്കോടതിയിൽ ഇടക്കാല നിർദ്ദേശങ്ങൾ സമർപ്പിച്ചു. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ അവസ്ഥയാണ് ഹൈവേയിൽ നിലവിലുള്ളതെന്നും കുട്ടികൾ സ്‌കൂൾ ബസിൽ കയറുന്നത് ചെളിവെള്ളത്തിലൂടെ നടന്നാണെന്നും അമിക്കസ്‌ക്യൂറി വിനോദ് ഭട്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
യാത്രാദുരിതത്തിന് കുറച്ചെങ്കിലും പരിഹാരമുണ്ടാക്കാനുള്ള നിർദ്ദേശങ്ങൾ നാല് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കുശേഷം ദേശീയപാത അധികൃതർക്കും കരാറുകാരനും നൽകിയതായും റിപ്പോർട്ടിലുണ്ട്.
ജൂലായാ അഞ്ചിന് നടപ്പാത നിർമ്മാണം തുടങ്ങിയിട്ടുണ്ട്. എന്നാൽ മൂന്നരമീറ്റർ റോഡും ഡ്രെയിനേജ് സൗകര്യമൊരുക്കലും ആരംഭിക്കേണ്ടതുണ്ട്.
ദേശീയപാതയിലും സമാന്തരപാതകളിലും ഇടറോഡുകളിലുമുള്ള ഗതാഗത സ്തംഭനത്തിന്റെ ചിത്രങ്ങൾ ആളുകൾ അയ്ക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ഭരണകൂടവും പൊലീസും ഇതിന് പരിഹാരം കാണണം. ചിത്രങ്ങൾ സഹിതമാണ് അമിക്കസ്‌ക്യൂറി റിപ്പോർട്ട് നൽകിയിരിക്കുന്നത്. അരൂർ - തുറവൂർ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനം ദുരിതം അനുഭവിക്കുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയിരുന്നു. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ്‌ക്യൂറിയെ കോടതി ചുമതലപ്പെടുത്തുകയായിരുന്നു.
* നിർദ്ദേശങ്ങൾ
1 മൂന്നരമീറ്റർ വീതിയിൽ സഞ്ചാരയോഗ്യമായ റോഡ് പാതയ്ക്ക് ഇരുവശത്തും നിർമ്മിക്കണം
2 ഇതിലൂടെ ഓവർടേക്കിംഗ് അനുവദിക്കരുത്
3 അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ബദൽ സംവിധാനം ഒരുക്കണം
4 25.5 കിലോ മീറ്ററോളം നീളത്തിൽ താത്കാലിക റോഡ് നിർമ്മിക്കേണ്ടി വരും. 5 ഇതിനോട് ചേർന്ന് ഒന്നരമീറ്റർ നടപ്പാതയും വേണം
5 വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പുകൾ സ്ഥാപിക്കണം
6 ഡ്രെയിനേജ് സൗകര്യം ഒരുക്കണം
7 യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാതയുടെ നിർമ്മാണം ആരംഭിക്കണം
8 വെള്ളക്കെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണം