bamboo

അങ്കമാലി: ബാംബു കോർപ്പറേഷനിൽ കാലഘട്ടത്തിനനുസരിച്ചുള്ള നൂതന ഉത്‌പന്നങ്ങൾക്കായി പുതിയ മെഷീനുകൾ സ്ഥാപിക്കാൻ 4 കോടി രൂപയുടെ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. എക്കോ കൺസ്ട്രക്ഷൻ മേഖലയിൽ സർക്കാർ അംഗീകാരമുള്ള ഏജൻസി രൂപീകരിച്ച് ടൂറിസം മേഖലയിൽ മുള ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ നടത്തുന്നതും പരിഗണനയിലാണന്നും വിവിധ പദ്ധതികൾക്കായി വർക്കിംഗ് ക്യാപ്പിറ്റൽ ഇനത്തിൽ 3 കോടി രൂപ നടപ്പു സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്നതിനുള്ള ഭരണാനുമതി പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിവിധ പദ്ധതികൾ യാഥാർത്ഥ്യമാക്കി ജീവനക്കാർക്ക് ലഭ്യമാക്കാനുള്ള ശമ്പള കുടിശ്ശിക അനുവദിക്കാനും കോർപ്പറേഷന്റെ പ്രവർത്തനം സുഗമമാക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ഡി.എ കുടിശ്ശിക നൽകാൻ 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ബാംബു കോർപ്പറേഷന് പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും പ്രത്യേക സാമ്പത്തിക സഹായം നൽകി കരകയറ്റണമെന്നും കോർപ്പറേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എ നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചതിന് മറുപടി പറയുകയായിരുന്നു മന്ത്രി.