y
പൂത്തോട്ട ആശുപത്രി വികസന സംരക്ഷണ സമിതി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച്‌ മുൻ കൺസ്ട്രക്ഷൻ ബോർഡ് ചെയർമാൻ കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട സർക്കാർ ആശുപത്രിയിൽ നിറുത്തലാക്കിയ കിടത്തി ചികിത്സയും 24മണിക്കൂർ ഡോക്ടറുടെ സേവനവും പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വികസന സംരക്ഷണസമിതി തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച്‌ വാർ ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു.

ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുക, മറ്റിടങ്ങളിലേക്ക് വിന്യസിപ്പിച്ച 11ജീവക്കാരെ തിരിച്ചു വിളിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സമരം ആർ.എസ്.പി സെക്രട്ടേറിയറ്റ് മെമ്പറും മുൻ കൺസ്ട്രക്ഷൻ ബോർഡ് ചെയർമാനുമായ കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എം.പി. ജയപ്രകാശൻ അദ്ധ്യക്ഷനായി. ഇന്ത്യാ മിറർ ചെയർമാൻ കെ.എസ്. സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

ജനറൽ കൺവീനർ കെ.ടി. വിമലൻ, പഞ്ചായത്ത്‌ അംഗങ്ങളായ എം.പി. ഷൈമോൻ, എം.കെ. അനിൽകുമാർ, രാധാകൃഷ്ണൻ കടവുങ്ങൽ, എം.എസ്. വിനോദ്, കമൽഗിപ്ര, ആനി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ നിയമനടപടികളോടൊപ്പം ശക്തമായ സമരമാർഗവും സ്വീകരിക്കുമെന്ന് സമിതി നേതാക്കൾ പറഞ്ഞു. തീരദേശ പഞ്ചായത്തായ ഉദയംപേരൂരിലെയും സമീപ പഞ്ചായത്തിലെയും പാവപ്പെട്ട ജനങ്ങളുടെ ജീവനും ആരോഗ്യവുംവച്ച് ത്രിതല പഞ്ചായത്തുകളും സർക്കാരും രാഷ്ട്രീയം കളിക്കുകയാണെന്നും സമരസമിതി ആരോപിച്ചു.