
നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ 11,12,13 വാർഡുകളിലായി 3000 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വലിയകുളം പാടശേഖരം കൃഷിയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. മൂന്നുപൂ കൃഷി ചെയ്യണമെന്നും അഞ്ച് കോളനികളിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നും മാള - അങ്കമാലി റൂട്ടിലുള്ള ഷട്ടർ കം ബ്രിഡ്ജ് പുതുക്കിപണിയണമെന്നും ആവശ്യമുയർന്നു. പാടശേഖരം കൃഷിയോഗ്യമാക്കാനും കുടുംബങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ജില്ലാ കളക്ടർ ഇടപെടണമെന്ന് കേരള കർഷകസംഘം അങ്കമാലി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇറിഗേഷൻ, പി.ഡബ്‌ളിയു.ഡി, റവന്യൂ വകുപ്പുദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ച് ഡി.പി.ആർ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കണമെന്നും സ്ഥലം സന്ദർശിച്ച കർഷക സംഘം നേതാക്കൾ ആവശ്യപ്പെട്ടു. നവകേരളസദസ് മുമ്പാകെ സി.പി.എം നിവേദനം നൽകിയിരുന്നു. കെ.ആർ. വിൻസന്റ്, സണ്ണി പയ്യപ്പിള്ളി, അഭിലാഷ് നളിനം, കെ.എ. ജോണി, എൻ.കെ. തങ്കപ്പൻ, കെ.പി. സജീവ്, ടി.സി. ശ്രീനി എന്നിവർ പാടശേഖരവും തോടും സന്ദർശിച്ചു.
ഷട്ടറും തോടും പുനർനിർമ്മിക്കണം
തൃശൂർ ജില്ലയിലെ കുറെ ഭാഗങ്ങൾ കൂടി ഉൾപ്പെട്ട പാടശേഖരത്തിലൂടെ കിലോമീറ്ററുകൾ നീണ്ട ഏലത്തോട്, വാഴാറത്തോട്, വൈൻ തോട് എന്നിവയിലൂടെ എത്തുന്ന വെള്ളം വലിയകുളത്തിലെത്തിയാൽ അവിടെ നിന്ന് മൂന്നര കിലോമീറ്റർ നീളമുള്ള തോടുവഴിയാണ് ഷട്ടറിലൂടെ ചാലക്കുടി പുഴയിലെത്തുന്നത്. വലിയകുളം മുതൽ ചാലക്കുടി പുഴ വരെയുള്ള തോടും ഷട്ടറും പുനർനിർമ്മിച്ചാൽ മാത്രമേ വലിയകുളം പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കി മൂന്നുപൂ കൃഷി ചെയ്യാൻ കഴിയൂ. വെള്ള കെട്ടുമൂലം വെള്ളൂർതറ, ഐനിക്കത്തതാഴം, തിടുക്കേലി, മണക്കുന്ന്, ഇരുമ്പുങ്ങൽ, മുതക്കാട്എന്നീ കോളനികളിലേയും കണ്ണംകുളം പ്രദേശത്തെയും 500 റിലധികം വീടുകൾ വർഷക്കാലത്ത് വെള്ളക്കെട്ടിലാകുകയാണ്.