മൂവാറ്റുപുഴ: എം.സി റോഡിൽ ഈസ്റ്റ് മാറാടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം . പുളിന്താനം സ്വദേശി ലിസി സ്റ്റീഫനാണ് മരണമടഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. കോട്ടയം ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം ഓടിച്ചിരുന്ന ഭർത്താവ് എം.ജെ. സ്റ്റീഫനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് ചാമക്കാലയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം.
ലിസി സ്റ്റീഫൻ പുളിന്താനം വനിതാ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് , പോത്താനിക്കാട് വനിതാ സഹകരണ സംഘം മുൻ പ്രസിഡന്റ് , മിൽമ എറണാകുളം മേഖല മുൻ ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: അനു, ജോസ്ലിന്റ് , ക്രിസ്മോൾ. മരുമക്കൾ: ലിബിൻ, ഷിജോ, ക്രിസ്റ്റീൻ. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.