കാഞ്ഞിരമറ്റം: അരയൻകാവ് ചാലക്കപ്പാറ വിൻഗോസ് വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞമാസം വലുതും ചെറുതുമായി പത്തോളം അപകടങ്ങളാണ് ഉണ്ടായത്. രണ്ടുമാസംമുമ്പ് രണ്ട് ചെറുപ്പക്കാർ അപകടത്തിൽ ഇവിടെ മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച 2 ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും യുവതിക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. അപകടം ഉണ്ടായാൽ തൊട്ടടുത്ത് ആശുപത്രി ഇല്ലാത്തതും മരണസംഖ്യ ഉയരുന്നതിന് കാരണമാണ്.
ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കാഞ്ഞിരമറ്റം - നീർപ്പാറ റോഡിൽ ചാലക്കപ്പാറയ്ക്ക് സമീപമുള്ള വിൻഗോസ് സ്ഥിരം അപകട മേഖലയാണ്. അപകടസാദ്ധ്യതാ മുന്നറിയിപ്പ് നൽകി സൂചനാ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ ഇത് ആരും കാണാറില്ല.
ശബരിമല സീസണായാൽ അപകടങ്ങൾ ഇവിടെ നിത്യസംഭവമാണ്. ഭാരം കയറ്റിവരുന്ന നിരവധി വാഹനങ്ങൾ ഇവിടെ നിയന്ത്രണംവിട്ട് തെറ്റിമറിയുന്നതും പതിവായി. മാസങ്ങൾക്കു മുമ്പ്സ്കൂൾ ബസ് നിയന്ത്രണം വിട്ടു അപകടത്തിൽപ്പെട്ടിരുന്നു ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെത്തുടർന്ന് വലിയ ദുരന്തം ഒഴിവാകുകയായിരിന്നു. വളവിന്റെ വീതി കൂട്ടി വളവ് നിവർത്തി അപകടങ്ങൾ കുറയ്ക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അധികാരികൾ ആവശ്യം ഗൗനിക്കാറില്ല. വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങൾക്ക് കാരണമാണ്. സീബ്രാലൈനും സ്ട്രിപ്പ്ഹമ്പും നിർമ്മിച്ച് ഇവിടെ വേഗതകുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്ന യുവാക്കളും ഇതുവഴി കടന്നുപോകുന്ന വഴിയാത്രക്കാർക്ക് ഭീതി വിതയ്ക്കുകയാണ്.
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ പാലയിലേക്ക് പോകുന്ന കാറും തലയോലപ്പറമ്പ് നിന്ന് എറണാകുളത്തേക്ക് ഭാഗത്തേക്ക് പോകുന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് കാറുകളിൽ യാത്ര ചെയ്തിരുന്ന അഞ്ചുപേർക്ക് ഗുരുതരമായി പരിക്കുപറ്റി. ഇവരെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പാലാ മുറിയാനിക്കൽ വീട്ടിൽ ജിബോയുടെ മകൻ മിലൻ (19 ) ഇന്നലെ രാവിലെ മരിച്ചു. മിലൻ ബിടെക് എൻജിനീയറിങ്ങിന് പാല സെന്റ് ജോസഫ് എൻജിനീയറിങ് കോളജിൽ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു.