കൊച്ചി: ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആവശ്യപ്പെട്ടു. പച്ചക്കറി, മത്സ്യം, മാംസം അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എച്ച്.ആർ.എ ജില്ലാ കമ്മിറ്റി നടത്തിയ കളക്‌ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം പിടിച്ചുനിർത്തേണ്ട സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുന്നു. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ദുരിതം വിതയ്‌ക്കുന്ന വിലക്കയറ്റത്തിനെതിരെ ഒരു രാഷ്ട്രീയ സംഘടനയും ശബ്ദിക്കുന്നില്ല. മാലിന്യനിർമ്മാർജനത്തിനായി തദ്ദേശ സ്ഥാപനങ്ങൾ പൊതുസംവിധാനം ഏർപ്പെടുത്തണമെന്നും എം.എസ്.എം.ഇയിലെ ഉത്പാദനമേഖലയ്ക്ക് നൽകുന്ന ആനുകൂല്യം സേവനമേഖലയായ ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. എ.കെ.സി.എ ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ ഡാനിയൽ, കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അസീസ് മൂസ, വി.ടി. ഹരിഹരൻ, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, ജില്ലാട്രഷറർ സി.കെ. അനിൽ, എം.പി. ഷിജു, അസീസ് മൂലയിൽ എന്നിവർ സംസാരിച്ചു. മുന്നൂറോളം ഹോട്ടലുടമകൾ സമരത്തിൽ പങ്കെടുത്തു.