കൊച്ചി: ഓണം ട്രേഡ് ഫെയറിനായി എറണാകുളത്തപ്പൻ ക്ഷേത്രമൈതാനം ഈ വർഷം ഇ ടെൻഡർ മുഖേനയാകും അനുവദിക്കുകയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ഓണം ഫെയറിന് മൈതാനം അനുവദിക്കുന്നതിൽ സുതാര്യതയില്ലെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി എ.കെ. നായർ ഫയൽ ചെയ്ത ഹർജിയിലാണ് ദേവസ്വം ഇക്കാര്യം അറിയിച്ചത്. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി.മേനോനും അടങ്ങിയ ഡിവിഷൻബെഞ്ച് ഹർജി തീർപ്പാക്കി.
ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും വാടകയ്ക്ക് നൽകുമ്പോൾ നിലവിലുള്ള മാർക്കറ്റ് നിരക്കിൽ വാടക ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞവർഷം ഫയാസ് റഹ്മാൻ എന്ന വ്യക്തിക്ക് കേവലം 37 ലക്ഷം രൂപയ്ക്കാണ് മൈതാനം അനുവദിച്ചതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലായ് 28 മുതൽ സെപ്തംബർ 10 വരെയായിരുന്നു മൈതാനം വാടകയ്ക്ക് നൽകിയിരുന്നത്. ഇത്തവണ ഇ ടെൻഡർ മുഖേന ഗ്രൗണ്ട് അനുവദിക്കുമ്പോൾ കൂടുതൽ തുക കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി.