കൊച്ചി: ഇടുക്കി ദേവികുളത്തെ കുണ്ടല സാന്റോസ് കോളനിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി പളനിസ്വാമിയെ വധിച്ച കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രണ്ടു പ്രതികളെ വിട്ടയയ്‌ക്കാൻ ഹൈക്കോടതി ഉത്തരവ്. കൊലപാതകം നടന്ന സമയത്ത് ഇരുവർക്കും പ്രായപൂർത്തി ആയിരുന്നില്ലെന്ന് കണ്ടെത്തിയാണ് സഹോദരങ്ങളായ മഹേഷ്, രാജേഷ് എന്നിവരെ ഉടൻ മോചിപ്പിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്.
2004 മേയ് 21 നാണ് പളനിസ്വാമി കൊല്ലപ്പെട്ടത്. അയൽവാസി സെബാസ്റ്റ്യൻ, ഭാര്യ കുട്ടിയമ്മ, മക്കളായ മഹേഷ്, രാജേഷ് എന്നിവരായിരുന്നു പ്രതികൾ. നാല് പേരെയും തൊടുപുഴ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി 2016 ൽ തള്ളുകയും ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ഈ സമയത്തൊന്നും തങ്ങൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന വിഷയം ഇവർ ഉന്നയിച്ചിരുന്നില്ല.
ഇതിനിടെ നാഷണൽ ലീഗൽ സർവീസ് സൊസൈറ്റി രാജ്യത്ത് ജയിലുകളിൽ കഴിയുന്ന കുട്ടികളുടെ കണക്കെടുക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി കേരളത്തിലെ ജയിലുകൾ സന്ദർശിച്ചു രേഖകൾ പരിശോധിച്ചപ്പോഴാണ് മഹേഷിനും രാജേഷിനും സംഭവസമയത്ത് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇരുവരും ഹാജരാക്കിയ സ്കൂൾ രേഖയിൽ നിന്നാണ് ഇത് മനസ്സിലായത്. ഹൈക്കോടതി നിർദ്ദേശപ്രകാരം തൊടുപുഴ സെഷൻസ് ജഡ്ജ് നടത്തിയ അന്വേഷണത്തിലും ഇത് സ്ഥിരീകരിച്ചു.
കൊലക്കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ അന്നത്തെ മൂന്നാർ സർക്കിൾ ഇൻസ്പെക്ടർ എം.വി. ജോയ്, കുറ്റപത്രം നൽകിയ സി.ഐ പി.ടി. കൃഷ്ണൻകുട്ടി എന്നിവർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കോടതി വിലയിരുത്തി. 13 വർഷം ജയിലിൽ കഴിയേണ്ടിവന്ന പ്രതികളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതിനാൽ നഷ്ടപരിഹാരം വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഭാഗം കേൾക്കുന്നതിനായി ഹർജി 15ന് പരിഗണിക്കാൻ മാറ്റി.