കൊച്ചി: എറണാകുളത്തപ്പൻ മൈതാനത്ത് ഓണം ട്രേഡ്ഫെയർ നടത്താൻ സംരംഭകർ തമ്മിൽ പോര് മുറുകിയപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന് ലഭിച്ചത് റെക്കാഡ് തറവാടക. ആദ്യമായാണ് എറണാകുളം ക്ഷേത്രത്തോടുചേർന്ന മൂന്നര ഏക്കർ മൈതാനം ഇത്രയും തുകയ്ക്ക് വാടകയ്ക്ക് പോകുന്നത്. കഴിഞ്ഞ വർഷം മുതലാണ് ദേവസ്വം ബോർഡ് നേരിട്ട് മൈതാനം ലേലം ചെയ്യുന്നത്. അതിന് മുമ്പ് എറണാകുളം ശിവക്ഷേത്രസമിതിയായിരുന്നു വാടകയ്ക്ക് നൽകിയിരുന്നത്.
കഴിഞ്ഞ വർഷം 31.5 ലക്ഷം രൂപയ്ക്ക് ഫയാസ് റഹ്മാൻ എന്നയാളാണ് മൈതാനം വാടകയ്ക്ക് എടുത്തത്. മൂന്നുപേരുടെ ടെണ്ടറിൽ ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. ഇക്കുറി 9 പേർ ടെണ്ടറിൽ പങ്കെടുത്തു. കുറഞ്ഞ തുക 32.5 ലക്ഷം. 1.44 കോടി ക്വാട്ട് ചെയ്ത ബംഗളൂരുവിലെ ഹാന്റ്ലൂം ഹാന്റിക്രാഫ്റ്റ്സ് ഫൺ ഫെയർ എക്സിബിഷൻ മാനേജർ സി. മോഹൻദാസ് നായർക്കാണ് ടെണ്ടർ ഉറപ്പിച്ചത്. രണ്ട് മാസത്തേക്കാണ് കരാറെങ്കിലും 41 ദിവസം മാത്രമേ ട്രേഡ് ഫെയർ അനുവദിക്കൂ. ബാക്കി ദിനങ്ങൾ സ്റ്റാളുകളും മറ്റും ഒരുക്കാനും പൊളിച്ചുനീക്കാനുമാണ്.
• കരാറുകാരുടെ പോരിൽ വാടക കുതിച്ചുയർന്നത് അഞ്ചിരട്ടി !
മുൻകാലങ്ങളിൽ കരാറുകാർ തമ്മിൽ ഒത്തുകളിച്ച് കുറഞ്ഞ ടെണ്ടർ സമർപ്പിച്ച് മറ്റു വ്യാപാരികൾക്ക് സ്റ്റാളുകൾക്കായി ഭൂമി വീതിച്ചുനൽകി ലക്ഷങ്ങൾ സ്വന്തമാക്കുകയായിരുന്നെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ടെണ്ടർ 31.5 ലക്ഷം രൂപയ്ക്ക് ഫയാസ് റഹ്മാൻ വാടകയ്ക്കെടുത്ത ശേഷം കരാറുകാർ തമ്മിലുണ്ടായ കുടിപ്പകയാണ് 1.44 കോടി രൂപയിലേക്ക് വാടക എത്താൻ കാരണമത്രെ. കഴിഞ്ഞ വർഷം ഇവിടെ നടന്ന അക്വാഷോ വലിയ വിജയമായിരുന്നു. ബംഗളൂരുവിലെ പ്രമുഖ ട്രേഡ്ഫെയർ സ്ഥാപനമാണ് ഇക്കുറി ട്രേഡ് ഫെയർ നടത്തുക. അക്വാഷോ ഉൾപ്പടെ പുതിയ വിനോദ ഉപാധികളും ഉണ്ടാകുമെന്നാണ് സൂചന.
കരാറുകാർ തമ്മിലുള്ള മത്സരത്തെ തുടർന്ന് ദേവസ്വം ഓംബുഡ്മാനു മുന്നിലും ഹൈക്കോടതിയിലും കേസുകളും പരാതികളും ചെന്നെങ്കിലും ടെണ്ടർ നടപടികൾ പുരോഗമിച്ചതിനാൽ ഇടപെടലുകളുണ്ടായില്ല. നിയമാനുസൃതം നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ഓണം ട്രേഡ് ഫെയർ
ആഗസ്റ്റ് 11 മുതൽ സെപ്തംബർ 20 വരെ
ഇക്കൊല്ലം എറണാകുളത്തപ്പൻ മൈതാനത്തിനായി ക്വാട്ട് ചെയ്ത ടെണ്ടർ തുക
• എം.കെ.സയ്യിദ്, എറണാകുളം 32,50,000
• കെ.പി.ഫ്രാൻസിസ്, ചിറ്റൂർ 37,50,000
• കെ.പി.രാമചന്ദ്രൻനായർ, കടവന്ത്ര 37,50,000
• എം.എ.സിദ്ധിഖ്, കലൂർ 50,00,131
• ഫയാസ് റഹ്മാൻ, കടവന്ത്ര 61,00,000
• ഇ.എൻ.നിഖിൽരാജ്, ബംഗളൂരു 71,00,000
• പന്തൽ ട്രേഡ്ഫെയർ, കടവന്ത്ര 83,82,000
• എ.കെ.നായർ, തിരുവനന്തപുരം 1,27,00,00
• സി.മോഹൻദാസ് നായർ, ബംഗളൂരു 1,44,00,000