cwc

കൊച്ചി: കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ബോഡിയായ എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി) ചെയർപേഴ്‌സൺ ഇല്ലാതായിട്ട് നാലു മാസം. കഴിഞ്ഞ മാർച്ചിൽ മുൻ ചെയർപേഴ്‌സൺ കെ.കെ. ഷാജു ബാലാവകാശ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു സ്ഥാനമൊഴിഞ്ഞു. പിന്നീട് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ചെയർപേഴ്സണെ നിയമിച്ചിട്ടില്ല.

മുൻ ചെയർപേഴ്സന്റെ 20 മാസ കാലയളവിൽ 7,000ലേറെ കേസുകളാണ് പരിഗണിച്ചത്. സംസ്ഥാനത്ത് കുട്ടികളുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ പരിഗണിക്കുന്ന സി.ഡബ്ല്യു.സിയാണ് എറണാകുളത്തേത്.

രമ്യ എം.ഡി, ജിജി പി. ജോയ്, നൈസിവർഗീസ്, അഡ്വ. വിൻസന്റ് ജോസഫ് എന്നിവരാണ് നാലു അംഗങ്ങൾ. പോക്‌സോ കേസുകൾ, അവിവാഹിതരായ അമ്മമാരുടെ കേസുകൾ, അഭയകേന്ദ്രങ്ങളൊരുക്കൽ തുടങ്ങിയ സങ്കീർണമായ കേസുകളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ചെയർപേഴ്‌സനാണ്. നിലവിൽ തുടർനടപടിക്ക് സംസ്ഥാനതല നിർദേശങ്ങൾക്കായി കാത്തിരിക്കണം. 20ലേറെ കേസുകൾ പരിഗണനയ്ക്കെത്തുന്ന ദിവസങ്ങളുണ്ട്.

ജീവനക്കാരുടെ ക്ഷാമം


നിലവിൽ അംഗങ്ങൾക്ക് സ്വീപ്പർമാരുടെ ജോലി വരെ ചെയ്യേണ്ടിവരുന്നു. അംഗങ്ങൾക്ക് പുറമേ ഒരേയൊരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ മാത്രമാണുള്ളത്. ഒരു സെക്രട്ടറി, രണ്ട് ക്ലാർക്ക്, മൂന്ന് ടൈപ്പിസ്റ്റ് ,മൂന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒരു സ്വീപ്പർ ഉൾപ്പെടെ പത്ത് ജീവനക്കാരാണ് വേവേണ്ടത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി)

അദ്ധ്യക്ഷൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ അടങ്ങിയ ജുഡീഷ്യൽ ബോഡി. ആവശ്യമെങ്കിൽ കുട്ടിക്ക് അഭയകേന്ദ്രവും ഒരുക്കും. സമിതി തീരുമാനങ്ങളിന്മേൽ അപ്പീൽ പോകാവുന്നത് കുട്ടികളുടെ കോടതിയിൽ.

സി.ഡബ്ല്യു.സി- ചുമതലകൾ

കേസുകൾ പരിഗണിക്കണം, മൊഴിയെടുക്കണം, തീരുമാനമെടുക്കണം

കൗൺസിലിംഗ്, ബോധവത്കരണ ക്ലാസുകൾ, അഭയകേന്ദ്രം നിശ്ചയിക്കൽ

നേരിട്ട് വിലയിരുത്തൽ, നഷ്ടപരിഹാരം നിശ്ചയിക്കൽ, ആശുപത്രികൾ സന്ദർശിക്കൽ, പൊലീസ് ഏകോപനം.