indira

അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുരയിലെ ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരമായി ജംഗ്ഷൻ വീതികൂട്ടി റോഡ് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. ഇത് സംബന്ധിച്ച നിവേദനം പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അധികൃതർക്ക് കൈമാറി. തൃശൂർ ഭാഗത്ത് നിന്ന് കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവർ അങ്കമാലിയിലെയും കാലടിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മഞ്ഞപ്ര - ചന്ദ്രപ്പുര റോഡിനെയാണ് ആശ്രയിക്കുന്നത്. വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ചന്ദ്രപ്പുര ജംഗ്ഷനിൽ വലിയ ഗതാഗതക്കുരുക്കാണ്. തിരക്കേറിയ സമയങ്ങളിൽ കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഇതുവഴി കടന്നു പോകുക ഏറെ ക്ലേശകരമാണ്. മലയാറ്റൂർ തീർത്ഥാട കേന്ദ്രത്തിലെ തിരുന്നാളിനും മറ്റ് പുണ്യദിനങ്ങളിലും ചന്ദ്രപ്പുര കവലയിൽ കാലു കുത്താൻ ഇടം ലഭിക്കാത്ത വിധം ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് വാർഡർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഇന്ദിര ഗാന്ധി കൾ ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം ഭാരവാഹികളായ കെ. സോമശേഖരൻ പിള്ള , ഡേവിസ് മണവാളൻ, ജോസൺ വി. ആന്റണി, ഷൈബി പാപ്പച്ചൻ, സെബാസ്റ്റ്യൻ മാടൻ, അലക്സ് ആന്റു, ദിനു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.