ആലുവ: പൊലീസ് സേനയിൽ കാര്യമായ ആന്തരികസമ്മർദ്ദങ്ങളുണ്ടെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളന പ്രമേയം.
വിശ്രമമില്ലാത്തതും സമയ ക്ലിപ്തതയില്ലാത്തതുമായ ജോലിയും ഏതുതരത്തിലും ദുരുപയോഗം ചെയ്യപ്പെടുന്ന മേലുദ്യോഗസ്ഥ കീഴുദ്യോഗസ്ഥ ബന്ധങ്ങളും ജോലിസംബന്ധമായ പരിചയക്കുറവും പലരെയും പ്രശ്‌നങ്ങളിലേക്കും വിഷാദരോഗത്തിലേക്കും നയിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
മേലുദ്യോഗസ്ഥരിൽ ചിലരെങ്കിലും ജനാധിപത്യപരമായി കീഴണികളെ കേൾക്കാത്തത് പലസ്ഥലങ്ങളിലും പ്രശ്‌നങ്ങളെ ഗുരുതരമാക്കുന്നുണ്ട്. പൊലീസുകാരിലെ ആത്മഹത്യ, വി.ആർ.എസ് എടുക്കുന്നവരുടെ എണ്ണത്തിലെ വർദ്ധന എന്നിവ പഠിക്കാൻ സ്വതന്ത്ര കമ്മിഷനെ നിയോഗിക്കണം. വി.ആർ.എസ് വാങ്ങിയ 148 പേരിൽ 91 പേരും 50 വയസിന് മുകളിലുള്ളവരാണ്. ഭൂരിപക്ഷവും എസ്.ഐമാരും എ.എസ്.ഐമാരുമാണ് എന്നുള്ളത് ജോലി സംബന്ധമായ സമ്മർദ്ദം വ്യക്തമാക്കുന്നു.
വനിതാ പൊലീസിന്റെ അംഗബലം പതിനഞ്ച് ശതമാനമായി ഉയർത്തണം. റൂറൽ ജില്ലയിൽ വനിതാ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിക്കണം.
കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വി.ഐ.പി ഡ്യൂട്ടികൾക്കായി പ്രത്യേക പൊലീസ് വിഭാഗത്തെ നിയോഗിക്കണം. ഇതിനായി എയർപോർട്ട് കേന്ദ്രീകരിച്ച് ഒരു കമ്പനി കെ.എ.പി ഉദ്യോഗസ്ഥരെ അറ്റാച്ച് ചെയ്ത് വി.ഐ.പി കൺട്രോൾ റൂം സജ്ജീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.