ആലുവ: കാര്യശേഷിയുള്ള റൈറ്റർമാർ കുറയുന്നതിനാൽ പൊലീസ് സ്റ്റേഷനുകൾ സൗഹൃദപരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ പറഞ്ഞു. കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എച്ച്.ഒമാർ സ്റ്റേഷന് പുറത്തെ കാര്യങ്ങൾ നിയന്ത്രിക്കുമ്പോൾ യഥാർത്ഥത്തിൽ പൊലീസ് സ്റ്റേഷനെ നയിക്കുന്നത് റൈറ്റർമാരാണ്. നേരത്തെ ഓരോ ജില്ലയിലും 50 ലേറെ മിടുക്കന്മാരായ റൈറ്റർമാർ ഉണ്ടായിരുന്നു. ഇത് കുറഞ്ഞുവരുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ജോലിഭാരം കൂടുന്നതനുസരിച്ച് പൊലീസിന്റെ അംഗബലം കൂട്ടാനാകുന്നില്ല. പുതിയ തസ്തികകൾ വരുന്നുണ്ടെങ്കിലും സ്പെഷ്യൽ യൂണിറ്റുകളിലേക്ക് പോവുകയാണ്. വി.ഐ.പി ഡ്യൂട്ടികൾക്കായി നേരത്തെ പ്രത്യേക ക്രമീകരണം ഉണ്ടായിരുന്നു. ഇപ്പോൾ പൊലീസ് ബറ്റാലിയനിൽ അംഗബലം കുറവായതിനാൽ വിട്ടുതരാനാകുന്നില്ലെന്നും ഡി.ഐ.ജി പറഞ്ഞു.
റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന മുഖ്യാതിഥിയായിരുന്നു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.
ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, എൻ.വി. നിഷാദ്, വിനോദ് പി. വർഗിസ്, ടി.ടി. ജയകുമാർ, കെ.കെ. സന്തോഷ് കുമാർ, ബെന്നി കുര്യാക്കോസ്, എം.എം. ഉബൈസ് തുടങ്ങിയവർ പ്രസംഗിച്ചു.
സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.