കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ സ്കൂളിലേക്ക് കുട്ടികളെ കൂട്ടാൻ പോവുകയായിരുന്ന വാനിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടലിൽ വലിയ അപകടം തലനാരിഴയ്‌ക്ക് ഒഴിവായി. തേവര എസ്.എച്ച് സ്കൂളിന്റെ വാനാണ് ഇന്നലെ രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ കത്തിനശിച്ചത്. ഡ്രൈവറും ആയയും മാത്രമാണുണ്ടായിരുന്നത്. മുൻ ഭാഗത്ത് തീ ഉയർന്നതു കണ്ട ഡ്രൈവർ വാൻ റോഡരിലേക്ക് മാറ്റുകയും ആയയെ പുറത്തിറക്കുകയും ചെയ്തു. പിന്നാലെ തീ ആളിപ്പടർന്നു. ഇതുവഴിപോയ കുടിവെള്ള ടാങ്കറിൽ നിന്ന് വെള്ളം ഉപയോഗിച്ച് തീ കെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയർഫോഴ്‌സ് എത്തി മിനിട്ടുകൾക്കകം തീ അണച്ചു. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു.