കൊച്ചി: എച്ച്.ഐ.വി ബാധിതയായ യുവതിയെ കെയർഹോമിലെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രതികൾ ഒളിവിൽ. കെയർ ഹോമിന്റെ നടത്തിപ്പുകാരായ ഇടുക്കി ഏലപ്പാറ സ്വദേശി ബിൻസി സുരേഷ്, ആലുവ തുരുത്ത് സ്വദേശി കെ.വി. രാജേഷ്, എറണാകുളം കുറുമള്ളൂർ സ്വദേശി ബിന്ദു കുര്യൻ, ഇടുക്കി കുമളി സ്വദേശി സാലി തങ്കച്ചൻ എന്നിവരാണ് പ്രതികൾ. പാലക്കാട് സ്വദേശിയായ 21കാരിയാണ് കഴിഞ്ഞ നവംബർ 5ന് അതിക്രമത്തിന് ഇരയായത്.
പ്രതികളുടെ മുൻകൂൻ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
ജന്മനാ എച്ച്.ഐ.വി രോഗബാധയുള്ള യുവതി വീട്ടുകാർ ഉപേക്ഷിച്ചതിനെ തുടർന്ന് കളമശേരിയിലെ കെയർ ഹോമിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നു താമസം മാറണമെന്ന് ആവശ്യപ്പെട്ടതോടെ യുവതിയെ ജനലിൽ കെട്ടിയിട്ട് വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതിയെ ചികിത്സിച്ച ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.