കൊച്ചി: കുട്ടമ്പുഴ -വടാട്ടുപാറ റോഡിലെ ബംഗ്ലാവ് കടവ് പാലത്തിന്റെ നിർമ്മാണം പ്രദേശത്തെ ജനങ്ങളുടെ ജീവനാഡിയായി കണ്ട് കാലതാമസമില്ലാതെ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
ബംഗ്ലാവ് കടവ് ഭാഗത്ത് പാലമില്ലാത്തതിനാൽ വടാട്ടുപാറ ജനങ്ങൾക്ക് കുട്ടമ്പുഴയിലെത്താൻ 30 കിലോമീറ്റർ യാത്രചെയ്യണം. പാലം നിർമ്മിച്ചാൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം. ഇടമലയാർ താളുങ്കണ്ടം കോളനി, പൊങ്ങും ചുവട് കോളനി എന്നിവിടങ്ങളിൽ നിന്ന് കുട്ടമ്പുഴയിലെത്താനും പാലം അനിവാര്യമാണ്. എന്നാൽ ബംഗ്ലാവ് കടവ് പാലത്തിന്റെ ഭാഗവും വടാട്ടുപാറ - ഇടമലയാർ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ഭാഗവും വനംവകുപ്പിന്റെ അധീനതയിലാണ്.
ഇവിടെ സർവേ നടത്താൻ തുണ്ടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ അനുമതി ആവശ്യമാണ്. പാലം നിർമ്മാണത്തിനായി ഇതുവരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിട്ടില്ല. പാലം നിർമ്മിക്കാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങൾ വനംവകുപ്പിന്റെ അധികാര പരിധിലല്ലെന്നാണ് പരാതിക്കാരനായ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡന്റ് ഷാജി പയ്യാനിക്കൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്.
പാലത്തിന്റെ രണ്ട് ഭാഗങ്ങളും പൊതുമരാമത്ത് റോഡുകളാണെന്നും റിപ്പോർട്ടിലുണ്ട്. മുമ്പ് ഇതുവഴി കടത്തുവള്ളങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടങ്ങൾ ഉണ്ടായതോടെ സർവീസ് മുടങ്ങിയെന്നും പരാതിക്കാരൻ അറിയിച്ചു. പാലം വന്നാൽ ഇടമലയാർ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി പ്രദേശത്തേക്ക് പോകാനും എളുപ്പമാണ്. പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് 40 വർഷത്തെ പഴക്കമുണ്ടെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.