കോലഞ്ചേരി: പൂതൃക്കയിൽ കൃഷി ഓഫീസറും പട്ടിമറ്റത്ത് ക്ഷീര വികസന ഓഫീസറും ഇല്ലാതായിട്ട് നാളുകൾ ഏറെയായതോടെ കർഷകർ അവതാളത്തിൽ. ഇവർ വഴിയുള്ള ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാകാതെ വന്നതോടെ നെട്ടോട്ടത്തിലാണ് കർഷകർ. പൂതൃക്കയിലെ കൃഷിഭവനിൽ ഓഫീസറില്ലാതായിട്ട് മാസങ്ങളായി. നിലവിൽ കുന്നത്തുനാട് കൃഷി ഓഫീസർക്കാണ് ചുമതല. കാലവർഷക്കെടുതികൾക്കും മറ്റ് കാർഷിക പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും അടിയന്തര ഇടപെടൽ വേണ്ട സമയത്ത് ഓഫീസറെ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. വിദ്യാഭ്യാസ വായ്പക്ക് വേണ്ടി വിദ്യാർഥികൾ നൽകേണ്ട ഭൂമി തരംമാറ്റൽ രേഖയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൃഷി ഓഫീസറിൽ നിന്ന് ലഭിക്കാത്തതും വലിയ പ്രശ്നമാണ്.
തസ്തികയുടെ ഒഴിവ് പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ നടപടി എടുത്തിരുന്നതായി ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. നിയമനത്തിനായി രണ്ടു വട്ടം അറിയിപ്പ് നൽകിയിരുന്നെങ്കിലും ജോലിയിൽ പ്രവേശിക്കാൻ ആരുമെത്തിയില്ല. മന്ത്റിയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ഉടൻ നിയമനം നടത്തുവാൻ നടപടിയെടുക്കുമെന്നും എം.എൽ.എ. പറഞ്ഞു. ഇതേ സമയം പൂതൃക്കയിലേക്ക് സ്ഥലം മാറ്റം ലഭിക്കാനായി കാത്തിരിക്കുന്ന കൃഷി ഓഫീസർമാർ ഉണ്ടെന്നാണ് കർഷകർ പറയുന്നത്.
സമാന സാഹചര്യമാണ് ക്ഷീര മേഖലയിലുമുള്ളത്. പട്ടിമറ്റം ഷീരവികസന ഓഫീസർ റിട്ടയർ ചെയ്ത ഒഴിവിലേക്കു നാളിതുവരെ പുതിയ ഓഫീസറെ നിയമിക്കാത്തത് ക്ഷീര കർഷകരെയും വലയ്ക്കുകയാണ്. വടവുകോട് ബ്ളോക്ക് പരിധിയിലെ ക്ഷീര കർഷകരും സംഘങ്ങളുടെയും പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലായി. നിലവിൽ വാഴക്കുളം ഡയറി എക്സ്റ്റൻഷൻ ഓഫീസർക്കാണ് ചുമതല. അവിടെയെത്തി ആവശ്യങ്ങൾ നിറവേറ്റുവാൻ കർഷകർ ബുദ്ധിമുട്ടാണ്. അടിയന്തരമായി ഓഫീസറെ നിയമിക്കണമെന്ന് ആപ്‌കോസ് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി. എം. ജോർജ് ആവശ്യപ്പെട്ടു. യോഗത്തിൽ മിൽമ ഭരണസമിതി അംഗം ശ്രീവത്സലൻ പിള്ള, പി.കെ. ബേബി, അഡ്വ. ടി.കെ. ബേബി എന്നിവർ സംസാരിച്ചു.