വൈപ്പിൻ: ഓച്ചന്തുരുത്ത് സഹകരണബാങ്കിൽ 14ന് നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.ഐ ഇടത് ബന്ധം ഉപേക്ഷിച്ച് കോൺഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നു. 25 വർഷമായി ഇവിടെ സി.പി.എം - സി.പി.ഐ സഖ്യമാണ് ഭരിച്ചിരുന്നത്. നിലവിലെ 13 ബോർഡ് അംഗങ്ങളിൽ 3 പേർ സി.പി.ഐ ക്കാരാണ്. ഇടത് മുന്നണിവിട്ട് കോൺഗ്രസുമായി ചേർന്ന സി.പി.ഐ 5 സീറ്റിലാകും മത്സരിക്കുക.

കർത്തേടം റൂറൽ സഹകരണ സംഘത്തിൽ രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നില്ല ഇതുവരെ തിരഞ്ഞെടുപ്പ് നടന്നിരുന്നത്. എങ്കിലും നിലവിൽ ഭരണം നടത്തുന്നത് ഇടത് മുന്നണിയോട് ആഭിമുഖ്യമുള്ളവരാണ്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പേരിൽ പാനൽ ഇല്ലെങ്കിലും സി.പി.എം മുൻകൈ എടുത്ത് രൂപീകരിച്ച പാനലിൽ പാർട്ടി അനുഭാവികളും കോൺഗ്രസിൽ നിന്ന് അകന്നുനിൽക്കുന്നവരുമാണ് ഉള്ളത് . കോൺഗ്രസ് ആകട്ടെ പാർട്ടിയുടെ പേരിൽ തന്നെയാണ് പാനൽ രൂപീകരിച്ച് മത്സരിക്കുന്നത്.
കർത്തേടം സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരിക്കെ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കെ.എൽ. ദിലീപ്കുമാർ സി.പി.ഐ ൽ ചേരുകയും സി.പി.ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറിയാകുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് സ്വാധീനമുള്ള എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്ത് മേഖലയിൽ നടന്ന സഹകരണ ബാങ്കുകളുടെ തിരഞ്ഞെടുപ്പുകളിൽ ഓച്ചന്തുരുത്ത് ഒഴികെ സി.പി.ഐ കോൺഗ്രസിനൊപ്പം ചേർന്നാണ് മത്സരിച്ചത്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പോടെ അവിടെയും കോൺഗ്രസ് സഖ്യമാകും. നിലവിൽ ഞാറക്കൽ, പെരുമ്പിള്ളി, കർത്തേടം ബാങ്കുകളിൽ കോൺഗ്രസ് - സി.പി.ഐ കൂട്ടുകെട്ടാണ് ഭരണം നടത്തുന്നത്.