മൂവാറ്റുപുഴ: നിർമല കോളേജ് (ഓട്ടോണോമസ്) ടൂറിസം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി വെബ്‌സൈറ്റ് നിർമ്മിച്ചു. കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന വെബ്‌സൈറ്റ് ലോഞ്ചിംഗ് ടൂറിസം ഡയറക്ടറായിരുന്ന പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. ഗലുഗാറിൻ എന്ന് പേരിട്ടിരിക്കുന്ന വെബ്‌സൈറ്റിലൂടെ കോളേജിലെ വിദ്യാർഥികളുടെ യാത്രാ സംബന്ധമായ കാര്യങ്ങൾ അറിയാനും ക്രമീകരിക്കുവാനും സാധിക്കും. ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന റിപ്പോർട്ടും പി ബി നൂഹിന് സമർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജസ്റ്റിൻ കെ.കുര്യാക്കോസ്, കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, ടൂറിസം വിഭാഗം മേധാവി ശങ്കർ പി. ദാമോദർ എന്നിവർ പങ്കെടുത്തു. ടൂറിസം മൂന്നാം വർഷ വിദ്യാർഥി അമൽ രാജുവാണ് വെബ്‌സൈറ്റ് നിർമ്മിച്ചത്. പരിമിതമായ നിരക്കിൽ ടൂറിസം സംബന്ധമായ സേവനങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കുക എന്നതാണ് വൈബ്‌സൈറ്റിലൂടെ ലക്ഷ്യമിടുന്നത്.