കാലടി: കാലടി പഞ്ചായത്തിലെ പിരാരൂർ പാടശേഖരത്ത് തള്ളിയ അറവുമാലിന്യങ്ങൾ ചീഞ്ഞു നാറുന്നു. ശബരി റെയിൽ അടിപ്പാതക്ക് സമീപമുള്ള പാടശേഖരത്തിലൂടെ ഒഴുകുന്ന കൈത്തോട്ടിലാണ് ദിവസങ്ങൾക്ക് മുൻപ് സാമൂഹ്യ വിരുദ്ധർ അറവുമാലിന്യം തള്ളിയത്. ഈ തോട്ടിൽ നിന്നുള്ള ഉറവയാണ് പരിസരങ്ങളിലെ കിണറുക ളിലേക്കെത്തുന്നത്. കൃഷിയിടങ്ങളിലേക്ക് പോയ കർഷകർ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മാലിന്യം കണ്ടത്. വാർഡ് അംഗം അംബിക ബാലകൃഷ്ണനെ വിവരം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പാടശേഖരത്തിലൂടെ പോകുന്ന ഈ തോടിന്റെ വശങ്ങൾ കാട് വളർന്നു കിടക്കുന്നതിനാൽ മാലിന്യം തള്ളുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടില്ല.