ആലുവ: കപ്പയോ, കൊഞ്ചോ, കരിമീനോ എന്ത് വേണേലും കഴിച്ചോളൂ, ഫിറ്റ്നസ് മറക്കരുത്! നടൻ റിയാസ് ഖാന്റെ വാക്കുകളെ സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ തുടക്കം കുറിച്ച വാൽവ് ക്ലിനിക് ഉദ്ഘാടനത്തിനിടെ ആയിരുന്നു റിയാസ് ഖാൻ നർമ്മം കലർത്തിയ ഫിറ്റ്നസ് ഉപദേശം.
രാജഗിരി കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വാൽവ് മാറ്റിവെച്ച രോഗികൾക്ക് നൽകുന്ന വാൽവ് കാർഡിന്റെ വിതരണവും നടൻ നിർവഹിച്ചു. വാൽവ് രോഗികളിൽ ഏറിയ പങ്കും പ്രായമേറിയവർ ആയതിനാൽ കാത്തിരിപ്പില്ലാതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് വാൽവ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി പറഞ്ഞു.
വാൽവ് കാർഡുളള രോഗികൾക്ക് ക്ലിനിക്കിൽ സൗജന്യ കൺസൾട്ടേഷനും എക്കോ, ടി.എം.ടി ടെസ്റ്റുകൾക്ക് പുറമെ ലാബ്, റേഡിയോളജി സേവനങ്ങളിൽ 50 ശതമാനം ഇളവും ലഭിക്കുമെന്ന് കാർഡിയോളജി വിഭാഗം യൂണിറ്റ് ചീഫ് ഡോ. സുരേഷ് ഡേവിസ് പറഞ്ഞു.
രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ശിവ് കെ. നായർ, കാർഡിയോളജി വിഭാഗത്തിലെ ഡോ. ജേക്കബ് ജോർജ്, ഡോ. ബ്ലെസ്സൻ വർഗീസ് എന്നിവർ സംസാരിച്ചു.