കൊച്ചി: കോർപ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിൽ ഉപ്പുവെള്ളം കയറുന്നത് തടയാതെ നിർമ്മാണം തുടരുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കെട്ടിടത്തിന്റെ സെല്ലാറിൽ കുട്ടവഞ്ചി ഇറക്കി പ്രതിഷേധിച്ചു. കുട്ടവഞ്ചിസമരം യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്ത. പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. വി.കെ. മിനിമോൾ, കൗൺസിലർമാരായ ദീപ്തി മേരി വർഗീസ്, മാലിനി കുറുപ്പ്, ആന്റണി പൈനുന്തറ, ഹെൻട്രി ഓസ്റ്റീൻ, മനു ജേക്കബ്, ബാസ്റ്റിൻ ബാബു, ജീജ ടെൻസൻ, സുജ ലോനപ്പൻ, മിനി ദിലീപ്, വിന്നാ വിവേര, സീന, ഷൈല തദേവോസ്, ബെൻസി ബെന്നി, ലൈലാ ദാസ് എന്നിവർ പങ്കെടുത്തു.
ചെയ്യുന്നത് പാഴ്‌വേലയെന്ന് ആക്ഷേപം
പുതിയ മന്ദിരത്തിന്റെ സെല്ലാറിലെ വെള്ളത്തിന്റെ നിരപ്പ് കായലിലെ വാട്ടർ ടേബിളിന് തുല്യമായതുകൊണ്ടാണ് ഉപ്പുവെള്ളം കയറുന്നത്. ഇതുകാരണം പില്ലറുകളിലെ കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ചു പോകാനും കെട്ടിടത്തിന് ബലക്ഷയമുണ്ടാകാനും സാധ്യതയുണ്ട്. ഇത്രയും ഗൗരവമേറിയ വിഷയം കണക്കിലെടുക്കാതെ നിർമ്മാണ പ്രവൃത്തികളുമായി മുന്നോട്ടുപോകുന്നത് പാഴ് വേലയാകും. സെല്ലാറിൽ ടൈൽ വിരിക്കുന്ന ജോലികൾ നേരത്തെ പൂർത്തിയായതാണ്. അന്ന് കായലിലെ വെള്ളം ഇങ്ങോട്ടു കയറുമായിരുന്നില്ല. എന്നാൽ സമീപകാലത്ത് കെട്ടിടത്തിന് വിള്ളൽ വീണതുകൊണ്ടാകാം ഉപ്പുവെള്ളം കയറുന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ പറയുന്നു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപനം ഇല്ലാതെ പണം പാഴാക്കി കളയുകയാണ്. അവസാനം ചെയ്യേണ്ട ജോലികൾ ആദ്യം തന്നെ ചെയ്തതുകൊണ്ട് 1,70,000 ചതുരശ്ര അടി ടൈലുകൾ മോശമായെന്നും അംഗങ്ങൾ ആരോപിച്ചു.