കൊച്ചി: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കർമ്മപദ്ധതിക്ക് 2.82 കോടി രൂപയുടെ ഭരണാനുമതി. ഈയാഴ്ച ചേർന്ന വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഫോർട്ട് കൊച്ചിയിൽ വിനോദ സഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള കർമ്മ പദ്ധതിക്ക് 2,82,08,000 രൂപയുടെ അനുമതി നൽകിയത്. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന നിലയിൽ ഫോർട്ട് കൊച്ചിയിലെത്തുന്ന സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 18 മാസത്തിനകം പദ്ധതി പൂർത്തിയാക്കും. ഫോർട്ട് കൊച്ചിയിൽ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് കർമ്മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ ചരിത്ര പ്രധാനമായ പൈതൃക നിർമിതികൾ സംരക്ഷിക്കുന്നതിനൊപ്പം അവിടേക്കെത്തുന്ന സഞ്ചാരികൾക്ക് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ നല്കാൻ നവീകരണ പ്രവൃത്തികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.