ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിൽ രാത്രിയായാൽ പിന്നെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ ഇരുട്ടിൽ തന്നെ. ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് വഴിവിളക്കുകൾ തെളിക്കാത്തതിന്കാരണമെന്ന് നാട്ടുകാർ പറയുന്നു. വെട്ടമില്ലാത്തതിനാൽ പഞ്ചായത്തിൽ സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും ലഹരി മാഫിയകളുടെയും വിളയാട്ടം വർദ്ധിച്ചതായി പ്രതിപക്ഷ മെമ്പർമാർ ആരോപിക്കുന്നു. വഴിവിളക്ക് സംബന്ധിച്ച് പല തവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. ജലജീവൻ പദ്ധതിയുടെ പേരിൽ റോഡ് വെട്ടി പൊളിച്ചതിനാൽ റോഡിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടാണ്. രാത്രിയായാൽ കൈയിൽ ടോർച്ചില്ലാതെ പഞ്ചായത്തിലെ ഒരു റോഡിലൂടെയും നടക്കാനാവാത്ത സ്ഥിതിയാണ്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വഴി വിളക്കുകൾ മാസങ്ങളായി കത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ മെമ്പർമാരും യു.ഡി.എഫ് അംഗങ്ങളുമായ ദിവ്യാ ബാബു, ഷിൽജി രവി, ഇന്ദിര ധർമ്മരാജൻ, റെജി കുഞ്ഞൻ, ലൈജു ജനകൻ എന്നിവർ പഞ്ചായത്തിന് മുന്നിൽ റാന്തൽ വിളക്ക് കത്തിച്ച് സമരം നടത്തി.