കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ ആനക്കൂട്ടം തന്നെ രക്ഷിച്ചു. ഇല്ലിത്തോട് പണ്ടാല വീട്ടിൽ സാജുവിന്റെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ, ആഴവും വെള്ളവും കുറഞ്ഞ കിണറ്റിലാണ് ഇന്നലെ പുലർച്ചെ മൂന്നിന് കുട്ടിയാന വീണത്. കരയ്ക്കു കയറ്റാൻ പുലരും വരെ തള്ളയാനയും കൂട്ടാനകളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ആനകളുടെ ചിന്നംവിളി കേട്ടാണ് സമീപവാസികൾ സംഭവം അറിഞ്ഞത്. ആനകൾ കിണറിന് സമീപം നിന്നതിനാൽ ആർക്കും അടുക്കാനായില്ല.
രാവിലെ വനപാലകരും നാട്ടുകാരും ചേർന്ന് കിണറിന്റെ വശം ഇടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എട്ടു മണിയോടെ അമ്മയാനയുടെ സഹായത്തോടെ കുട്ടിയാന കരയ്ക്കെത്തി. തുടർന്ന് അമ്മയ്‌ക്കൊപ്പം കാട്ടിലേക്ക് കയറി. കാര്യമായ പരിക്കില്ല.
ജനുവരിയിൽ മുളംകുഴിയിൽ കിണറ്റിൽ വീണ മറ്റൊരു കുട്ടിയാനയെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷിച്ചിരുന്നു.
നാട്ടുകാർ പ്രതിഷേധിച്ചു
മലയാറ്റൂരിലെ കാട്ടാനശല്യം പരിഹരിക്കാത്ത വനപാലകരുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രദേശവാസികളും കർഷകരും ചേർന്ന് മലയാറ്റൂർ - കോടനാട് റോഡ് ഉപരോധിച്ചു. ഡി.എഫ്.ഒ കുറ ശ്രീകുമാർ, സബ് കളക്ടർ കെ.മീര, എ.ഡി.എം ആശ തോമസ്, തഹസിൽദാർ രമ്യ എം. നമ്പൂതിരി എന്നിവർ സമരവേദിയിൽ എത്തി. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ശ്രമിക്കാമെന്ന് ഇവർ ഉറപ്പുനൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു.