കൊച്ചി: ആറു മാസത്തിനുള്ളിൽ ഇന്ത്യൻ-3 പുറത്തിറക്കുമെന്ന് സംവിധായകൻ എസ്. ശങ്കർ. ഷൂട്ടിംഗ് പൂർത്തിയായി. ഇന്ത്യൻ-2 ന്റെ അവസാനം ഇന്ത്യൻ-3യുടെ ട്രെയ്‌ലറും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 28 വർഷം മുമ്പ് പുറത്തിറക്കിയ ഇന്ത്യന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ-2 ന്റെ പ്രചാരണാർത്ഥം കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടൻ എന്ന നിലയിൽ താൻ 'മേഡ് ഇൻ കേരള പ്രോഡക്ട്" ആണെന്ന് ചിത്രത്തിലെ നായകനായ കമൽഹാസൻ പറഞ്ഞു. ഇന്ത്യൻ-2 റിലീസ് ചെയ്യുമ്പോൾ ഏറ്റവും വലിയ ദു:ഖം നടൻ നെടുമുടി വേണു ഒപ്പമില്ല എന്നതാണ്. മലയാളത്തിൽ തനിക്കേറ്റവും ഇഷ്ടമുള്ള അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടിയെന്നും കമൽ പറഞ്ഞു

അദ്ദേഹം വിട്ടുപിരിഞ്ഞെങ്കിലും ആ സാന്നിദ്ധ്യം തനിക്കൊപ്പമുണ്ട്. ഇന്ത്യൻ രണ്ടാം ഭാഗത്തിൽ അദ്ദേഹമുണ്ട്. .

ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന ശ്രീഗോകുലം മൂവീസ് ചെയർമാൻ ഗോകുലം ഗോപാലൻ, നടൻമാരായ സിദ്ധാർത്ഥ്, ബോബി സിൻഹ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

200 കോടി മുതൽമുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്നു നിർമ്മിച്ച ഇന്ത്യൻ–2 ഈ മാസം 12ന് തിയേറ്ററുകളിലെത്തും. കാജൽ അഗർവാൾ, എസ്.ജെ.സൂര്യ, സമുദ്രക്കനി, രാകുൽ പ്രീത് സിംഗ് എന്നിവരുൾപ്പെടെ വൻ താരനിരയാണു ചിത്രത്തിൽ.