കാലടി: പൂർണ്ണമായി കാഴ്ചയും ഓർമ്മയും നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരമ്മയും പ്രതിസന്ധികൾക്കിടയിലും ആ അമ്മയെ നെഞ്ചോട് ചേർത്ത് പരിചരിക്കുന്ന മകനും കണ്ണുനനയ്ക്കുന്ന കാഴ്ചയാകുന്നു. ശ്രീമൂലനഗരം ചൊവ്വര പാക്കുണത്ത് മഠത്തിൽ സുരേഷും അമ്മയുമാണ് ആരേയും വേദനിപ്പിക്കുന്ന ദുരന്തജീവിതം നയിക്കുന്നത്. പത്ത് വർഷം മുമ്പാണ് അമ്മയുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടത്. 2018ലെ വെള്ളപ്പൊക്കത്തിൽ ഓടിട്ട വീടും നിലംപൊത്തി. എങ്കിലും ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് 4 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ഒരു ചെറിയ വീട് വച്ചു. പിതാവിന്റെ മരണശേഷം മൂന്ന് സഹോദരിമാരുടെയും വിവാഹം നടത്തിയതും സുരേഷായിരുന്നു.
ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയ്ക്കിടെയാണ് അമ്മയുടെ ഓർമ്മശക്തിയും പൂർണമായും നഷ്ടപ്പെട്ടത്. അതോടെ കിടപ്പിലായ അമ്മയെ പരിചരിക്കാൻ വേണ്ടി ഓട്ടോ ഡ്രൈവർ ജോലി സുരേഷ് ഉപേക്ഷിച്ചു. അമ്മയെ വീട്ടിൽ തനിച്ചാക്കാൻ ആ മകന് കഴിഞ്ഞില്ല. അനാഥാലയത്തിലാക്കാൻ ചിലർ ഉപദേശിച്ചെങ്കിലും അമ്മയെ പിരിയാൻ സുരേഷിന് ആയില്ല. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ വിവാഹം കഴിക്കാനും സാധിച്ചില്ല.
സുരേഷിന്റെ ദുരിത ജീവിതം കണ്ട് നാട്ടുകാരിൽ ചിലർ സഹായിക്കുന്നുണ്ടെങ്കിലും അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനുമുള്ള ചെലവ് സുരേഷിന് കണ്ടെത്താനാകുന്നില്ല.
സഹകരണ ബാങ്ക് വായ്പാ തിരിച്ചടക്കാനാകാതെ വന്നതോടെ വീട് ജപ്തി ചെയ്യുമെന്ന നോട്ടീസ് തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രതിന്ധികൾക്കിടയിലും അമ്മയോടുള്ള സ്നേഹം മാത്രമാണ് സുരേഷിന്റെ ഉള്ള് നിറയെ. അമ്മയുടെ ശബ്ദമാണ് സുരേഷിന്റെ മൊബൈൽ ഫോൺ റിംഗ് ടോൺ എന്നതുമാത്രം മതി ആ മകന്റെ മനസറിയാൻ.
ദുരന്ത ജീവിതത്തിൽ നിന്ന് കരകയറ്റാൻ സുമനസുകൾ സഹായിക്കും എന്ന പ്രതീക്ഷയിലാണ് സുരേഷ്. ബാങ്ക് ജപ്തി ഒഴിവായിക്കിട്ടണം എന്ന പ്രാർത്ഥന മാത്രമാണ് സുരേഷിനുള്ളത്.
വിലാസം: സുരേഷ് കർത്ത പാക്കുണത് മഠം, ചൊവ്വര. പി.ഒ. ശ്രീമൂലനഗരം.
ഗൂഗിൾ പേ നമ്പർ 9072065320.