കൊച്ചി: മാർഗംകളി വേഷത്തിൽ ശിഷ്യർക്കൊപ്പം സ്റ്റേജിൽ തകർത്താടി താരമായ 'പ്രിൻസിപ്പൽ ദീദി" ഹാപ്പിയാണ്, പഠനത്തിനൊപ്പം ക്രിയാത്മകതയും വേണമെന്ന തന്റെ വാദത്തിന് സമൂഹം ചെവികൊടുത്തതിന്.
കാക്കനാട് എടച്ചിറയിലുള്ള കൊച്ചി ബിസിനസ് സ്കൂളിൽ ജൂലായ് രണ്ടിന് നടന്ന ഫ്രഷേഴ്സ് ഡേ പരിപാടിയിലായിരുന്നു പ്രിൻസിപ്പൽ ഡോ. ബിന്ദു ആൻ തോമസിന്റെ വൈറൽ പ്രകടനം. ചട്ടയും മുണ്ടുമിട്ട് കൂളിംഗ് ഗ്ലാസും വച്ച്, വിദ്യാർത്ഥികൾക്കൊപ്പം തട്ടുപൊളിപ്പൻ ഡാൻസ്. കുട കറക്കിയുള്ള മാസ് എൻട്രിയും. ''എന്നടുക്കൽ വന്നടുക്കും പെമ്പെറന്നോളെ..."" എന്ന പാട്ടിനൊപ്പമായിരുന്നു ചുവടുകൾ. ടീച്ചർ സ്റ്റേജിലെത്തുന്ന കാര്യം മിക്കവർക്കും സർപ്രൈസായിരുന്നു. വീഡിയോ ഹിറ്റാവുകയും ചെയ്തു.
നൃത്തം അങ്ങനെ സംഭവിച്ചുപോയതാണെന്ന് ഡോ. ബിന്ദു പറയുന്നു. സംഘാടകർ പ്രേരിപ്പിച്ചപ്പോൾ സമ്മതിച്ചു. പ്രകടനം കണ്ടാൽ പ്രൊഫഷണലാണെന്ന് തോന്നും. എന്നാൽ ഒന്നാം ക്ലാസിൽ വച്ചാണ് ഇതിന് മുമ്പ് സ്റ്റേജിൽ ഡാൻസിന് കയറിയതെന്ന് ടീച്ചർ പറയുന്നു. നൃത്തം തനിക്ക് വഴങ്ങില്ലെന്ന് അന്നാരോ പറഞ്ഞു. അതോടെ നിറുത്തിയതാണ്. 34 വർഷത്തിന് ശേഷമാണ് വീണ്ടും വേദിയിലെത്തുന്നത്. കുട്ടികൾക്കൊപ്പമുള്ള പരിശീലനം ആത്മവിശ്വാസമേകി.
കൊച്ചി ബിസിനസ് സ്കൂളിൽ 18 വർഷം മുമ്പാണ് ഡോ. ബിന്ദു ജോലിയിൽ പ്രവേശിച്ചത്. അച്ചടക്കത്തിന് കണ്ണുരുട്ടേണ്ട ആവശ്യമില്ലെന്നതാണ് നയം, പരസ്പര ബഹുമാനം മതി. അദ്ധ്യാപകനായിരുന്ന പിതാവ് തോമസ് മാത്യുവിനെ കണ്ടുപഠിച്ചതാണിത്. ആറുമാസത്തിനകം തന്നെ ടീച്ചർ വിദ്യാർത്ഥികളുടെ 'ദീദി" ആയി.
പാഠ്യേതരപ്രവർത്തനങ്ങൾക്ക് തുല്യപ്രാധാന്യമാണ് നൽകുന്നത്. ഡി.ജെ ഇവന്റുകളടക്കം സ്കൂളിൽ സംഘടിപ്പിക്കുമ്പോൾ കാണികൾക്കൊപ്പം ആർപ്പുവിളിക്കാൻ ടീച്ചറുമുണ്ടാകും.
പ്രിൻസിപ്പൽ ദീദിയുടെ വൈറൽ ഡാൻസ് എന്നാണ് സോഷ്യൽ മീഡിയയിലെ ടാഗ്‌ലൈൻ. സന്ദർഭമൊത്തുവന്നാൽ വീണ്ടും സ്റ്റേജിൽ കാണാമെന്ന് ആസ്വാദകർക്ക് ബിന്ദുവിന്റെ ഉറപ്പ്. ഭർത്താവ് മാത്യു ജോർജിനും മകൾ മിറിയം അന്ന മാത്യുവിനുമൊപ്പം കാക്കനാടാണ് താമസം.
''ക്ലാസ് മുറിയിൽ നിന്ന് അറിവ് കിട്ടുമെങ്കിലും നൈപുണ്യം കിട്ടണമെന്നില്ല. സർഗാത്മക പ്രവർത്തനങ്ങൾ
ഇത്തരത്തിലുള്ള വ്യക്തിവികാസങ്ങൾക്ക് സഹായിക്കും.
-ഡോ. ബിന്ദു ആൻ