കൊച്ചി: ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മദർ തെരേസ സേവന അവാർഡ് മെഗാഫിനാലെ നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും യു.പി, എച്ച്.എസ് തലങ്ങളിൽ പഠിക്കുന്ന വദ്യാർത്ഥികളിൽ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്കാണ് പുരസ്കാരം. ഏറ്റവും കൂടുതൽ സമയം പ്രവർത്തിച്ചതിന് യു.പി വിഭാഗത്തിൽ എറണാകുളം സെന്റ് തെരേസാസ് യു.പി സ്കൂളിലെ മിയാ രാജേഷ് കട്ടിക്കാരനും ഹൈസ്കൂൾ വിഭാഗത്തിൽ ഇടുക്കി സെന്റ് ജെറോംസ് ഹൈസ്കൂളിലെ ടെറിൻ ആന്റണിക്കും ഒരുലക്ഷംരൂപയും സർട്ടിഫിക്കറ്റും സമ്മാനിക്കും. കൊൽക്കത്തയിലെ മദർ തെരേസയുടെ ആശ്രമത്തിലേക്ക് യാത്രയ്ക്കുള്ള സൗകര്യവും ഒരുക്കും.
എല്ലാ വിദ്യാലയങ്ങളിൽനിന്നും തിരഞ്ഞെടുത്ത അഞ്ച് വിദ്യാർത്ഥികൾക്ക് 5000രൂപ വീതവും ഏറ്രവും കൂടുതൽ വിദ്യാർത്ഥികളെ കോഓർഡിനേറ്റ് ചെയ്യുന്ന അദ്ധ്യാപകർക്കും പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്കും 10000രൂപ വീതവും സമ്മാനിക്കും. ചടങ്ങ് മലബാർ ഭദ്രാസന്നാധിപൻ ഗീവർഗീസ് മാർ സ്തേഫനോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മജീഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവർ ജേതാക്കളെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, വൈസ് ചെയർമാന്മാരായ രാജൻ തോമസ്, സി.വി. ജോസ്, ടെക്നിക്കൽ കോഓർഡിനേറ്റർ ബിജോയ് സി. ആന്റണി എന്നിവർ പരിപാടികൾ വിശദീകരിച്ചു.