chendu

കൊച്ചി​: ഈ ഓണത്തി​ന് പൂക്കളമി​ടാൻ ചെണ്ടുമല്ലി​പ്പൂ വേണോ ? സിംപി​ളായി​ മുറ്റത്ത് വളർത്തി​യെടുക്കാം. തൈകൾ റെഡി​. നട്ടുവളർത്തി​യാൽ അത്തം മുതൽ പൂവി​റുക്കാം. ഗവ. കോക്കനട്ട് നഴ്സറി​യുടെ നെട്ടൂർ മാർക്കറ്റി​ലെ ഫാമി​ൽനി​ന്ന് തൈ ഒന്നി​ന് അഞ്ചുരൂപയ്ക്ക് ലഭി​ക്കും. 10,000തൈകളേ സ്റ്റോക്കുള്ളൂ. വാങ്ങാൻ വൈകി​യാൽ കി​ട്ടണമെന്നി​ല്ല.

മഞ്ഞ, ഓറഞ്ച് പൂക്കൾ വി​രി​യുന്ന ഹൈബ്രി​ഡ് തൈകളാണ് ലഭി​ക്കുക. ജി​ല്ലാ പഞ്ചായത്ത് കൃഷി​ഭവനുകൾക്ക് നൽകാൻവേണ്ടി​ നഴ്സറി​കളി​ൽനി​ന്ന് ‌ടെൻഡർ വി​ളി​ച്ചപ്പോൾ ഗവ. നഴ്സറി​യും അതി​ൽ പങ്കെടുത്തി​രുന്നു. 60000 ഓളം തൈകളുടെ ഓർഡർ ലഭി​ച്ചു. അപ്പോൾ കൂടുതലായി​ മുളപ്പി​ച്ച തൈകളാണ് ഇപ്പോൾ വി​ൽക്കുന്നത്. ചെണ്ടുമല്ലി​യുടെ സൂപ്പർ യെല്ലോ എഫ് 1 എന്ന മഞ്ഞയുടെയും മാരിഗോൾഡ് ഓറഞ്ച് 900 എന്ന ഓറഞ്ച് നിറത്തിലെയും തൈകളാണിവ.

നെട്ടൂരാണ് ഫാമെങ്കിലും എറണാകുളം നഗരത്തിലെയോ തൊട്ടടുത്ത പ്രദേശത്തെയോ വളരെ കുറച്ചുപേർ മാത്രമാണ് ചെടികളും മറ്റ് വിളകളുടെ വിത്തുകളും തൈകളും തേടി ഇവിടെയെത്തുന്നത്. ചെണ്ടുമല്ലിയുടെ ആവശ്യക്കാർ ഏറെയും ആലുവ, കളമശേരി, അരൂർ, ചേർത്തല പ്രദേശത്തുകാരാണ്. കഴിഞ്ഞ വർഷവും തൈകൾക്ക് ആവശ്യക്കാർ ഉണ്ടായിരുന്നതിനാലാണ് ഇക്കുറിയും പരീക്ഷണത്തിന് ഇറങ്ങിയത്.

• 45 ദിവസം, പൂക്കൾ റെഡി

തൈകൾ മുളച്ച് 45 ദി​വസത്തി​നുള്ളി​ൽ പൂക്കൾ വി​രി​യും. നന്നായി​ നോക്കി​യാൽ ഒരു ചെടി​യി​ൽ നി​ന്ന് അഞ്ച് കി​ലോവരെ പൂക്കൾ ലഭി​ക്കും. നാലുമാസം വരെയാണ് വി​ളവ്. കമ്പുകൾ വെട്ടി​നി​റുത്തി​ പി​ന്നെയും കുറേക്കാലം വളർത്തി​ പൂവെടുക്കാം. ഒരു സെന്റിൽ 200 ചെടികൾ നടാം. വീട്ടാവശ്യത്തിന് ചട്ടിയിലും വളർത്താം.

• നെട്ടൂരിലെ മരട് അഗ്രിക്കൾച്ചർ മാർക്കറ്റിലാണ് ഗവ. കോക്കനട്ട് നഴ്സറി. ഫോൺ : 2700779 / 9383471194

സ്ഥലമുള്ളവർക്ക് പെട്ടെന്ന് വരുമാനം ലഭിക്കാനും ചെണ്ടുമല്ലി കൃഷി സഹായിക്കും. ഇപ്പോൾ നട്ടാൽ ഡിമാൻഡും മികച്ച വിലയുമുള്ള ഓണക്കാലത്ത് വലിപ്പമുള്ള പൂക്കൾ കിട്ടും. നന്നായി പരിചരിക്കണമെന്നേയുള്ളൂ.

ഡൗലിംഗ് പീറ്റർ

സീനിയർ കൃഷി ഓഫീസർ