paravur-block-panchayath-

പറവൂർ: യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർദ്ധിപ്പിക്കാനുള്ള നൂതന പദ്ധതിയുടെ ധാരണാപത്രത്തിൽ പറവൂർ ബ്ളോക്ക് പഞ്ചായത്തും ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. ടെക്നോവാലി- സെൽഫ് ഗവൺമെന്റ് യൂത്ത് എംപവർമെന്റ് പ്രോഗ്രാം എന്ന പദ്ധതി സൗജന്യമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. തൊഴിൽ രഹിതരായ യുവാക്കളെയും വിദ്യാർത്ഥികളെയും ഐ.ടി ജോലിക്ക് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തൊഴിൽ അന്വേഷകരായ 200 യുവാക്കൾക്കായി അഞ്ച് ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്ഷോപ്പ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മിഷ്യൻ ലേണിംഗ്, ഡേറ്റ സയൻസ് എന്നിവയിൽ വെബിനാറുകൾ, ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തിരഞ്ഞെടുക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകൽ തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പറവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. പ്രതീക്ഷയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, കെ.എസ്. സുജിത, ജയ വാസുദേവൻ, പി.ജി. സ്‌മിത, ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസിസ്‌റ്റന്റ് ജനറൽ മാനേജർ ഡോ. കെ.വി. സുമിത്ര എന്നിവർ പങ്കെടുത്തു.