k-shiburaj

ആലുവ: മോഷ്ടാവിന്റെ ആത്മസംഘർഷങ്ങൾ പ്രമേയമാക്കി പൊലീസ് ഉദ്യോഗസ്ഥൻ അവതരിപ്പിച്ച ഏകപാത്ര നാടകം 'മുറുക്കാൻ' ശ്രദ്ധേയമായി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിലാണ് നാടകം അരങ്ങേറിയത്.

എറണാകുളം സിറ്റിയിലെ പൊലീസുകാരൻ കെ. ഷിബുരാജാണ് നാടകം അവതരിപ്പിച്ചത്. മോഷ്ടാവിന്റെ ദൃഷ്ടിയിൽപ്പതിയുന്ന രാക്കാഴ്ചകളുടെ സത്യസന്ധതയിലൂടെയാണ് നാടകം സഞ്ചരിക്കുന്നത്. മോഷണം പാപമാണെന്നും എന്നെങ്കിലും പിടിക്കപ്പെടുമെന്നുള്ള തിരിച്ചറിവ് മോഷ്ടാവിനുണ്ട്. പക്ഷെ പ്രാരാബ്ധത്തിന്റെ കെട്ടുപാടുകളും മോഷണമെന്ന കലയിൽ നിന്ന് ലഭിക്കുന്ന ആനന്ദവും അവന്റെ കള്ളത്തരത്തിന് വേഗത കൂട്ടി. വിശുദ്ധമെന്ന് കരുതുന്നത് കളങ്കപ്പെടുന്നതിന്റെ കാഴ്ച മോഷണ ശ്രമത്തിനിടയിൽ കള്ളൻ കാണുന്നു. അത് തുറന്ന് പറയാൻ വെമ്പുന്നതിനിടയിൽ അതിന് തടയിടാൻ മുറുക്കാൻ വായിലിട്ട് ചവച്ച് സ്വയം പ്രതിരോധിക്കുന്നു. വി.ടി. രതീഷ് വളയൻചിറങ്ങരയാണ് രചനയും സംവിധാനവും.

അപ്രിയ സത്യങ്ങളുടെ തുറന്ന് പറച്ചിലാണ് നാടകം. മോഷ്ടാവിന്റെ ആത്മ സംഘർഷങ്ങളും സങ്കടവും കുഞ്ഞിനോടുള്ള വാത്സല്യവും നിസ്സഹായകതയും പ്രേക്ഷകരുടേത് കൂടിയാക്കാൻ നടന് കഴിഞ്ഞു.