ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്തേരിയിൽ ഡെങ്കിപ്പനി വ്യാപകമെന്ന് പരാതി. ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും ഡി.എം.ഒക്കും നിവേദനം നൽകി.

കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ട കുന്നത്തേരി ബാര്യത്ത് വീട്ടിൽ റഷീദ് വാടകക്ക് താമസിക്കുന്ന ഒരു ചെറുകിട വ്യാപാരിയും കുടുംബത്തിന്റെ ഏക ആശ്രയവുമായിരുന്നു. ഡെങ്കിപ്പനി ബാധിച്ച് ഇവിടെ മറ്റൊരാളും കഴിഞ്ഞയാഴ്ച മരണപ്പെട്ടിരുന്നു. ഡെങ്കിപ്പനി ഈ പ്രദേശത്ത് വ്യാപകമാണ്. നിരവധി പേരാണ് പനി മൂലം ആശുപത്രിയിൽ കഴിയുന്നത്.

ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടത് കുടുംബനാഥൻ ആയതിനാൽ സർക്കാർ ആവശ്യമായ സഹായം നൽകണമെന്ന് ശിവാനന്ദൻ ഡി.എം.ഒയോട് ആവശ്യപ്പെട്ടു. കൊതുക് നിവാരണവും ബോധവത്കരണവും കൂടുതൽ കാര്യക്ഷമമാക്കാൻ പഞ്ചായത്തുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണം. കുടുംബരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂർ ആക്കണമെന്നും നിവേദനത്തിൽ പറയുന്നു.