കൊച്ചി: ദേശീയപാത 66ൽ മേൽപ്പാതയുടെ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ ഭാഗത്തെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട കക്ഷികളുടെ യോഗം ജില്ലാ കളക്ടർ കഴിയുന്നതും ഇന്നുതന്നെ വിളിച്ചുചേർക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. യാത്രാക്ലേശം പരിഹരിക്കാനുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അടുത്തദിവസം വിഷയം വീണ്ടും പരിഗണിക്കും
സഞ്ചാരയോഗ്യമായ റോഡ്, നടപ്പാത, മഴയുണ്ടായാൽ വെള്ളം പമ്പ് ചെയ്ത് കളയാൻ മോട്ടോർ എന്നിവ അനിവാര്യമാണെന്ന് അമിക്കസ് ക്യൂറി അറിയിച്ചു.
നിർമ്മാണം നടക്കുന്നതിന്റെ ഇരുഭാഗത്തും 3.5 മീറ്റർ വീതിയിൽ റോഡ് വേണമെന്നതടക്കമുള്ള അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലെ പ്രായോഗിക പ്രശ്‌നങ്ങൾ ദേശീയപാത അതോറിറ്റി ബോധിപ്പിച്ചു. പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. കുടിവെള്ള പൈപ്പുകളടക്കം റോഡിനടിയിലൂടെ പോകുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസങ്ങളുണ്ട്. ഇടയ്ക്കിടെയുള്ള മഴയും ആരും നിയന്ത്രണങ്ങൾ പാലിക്കാത്തതും ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകൻ വിശദീകരിച്ചു.
യാത്രാക്ലേശം പരിഹരിക്കുന്നതിൽ നിർമ്മാണ കരാറുകാരന് ബാദ്ധ്യതയുണ്ടെന്നും ദേശീയപാത അതോറിറ്റിയാണ് നിർദ്ദേശങ്ങൾ നൽകേണ്ടതെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.
യാത്രാക്ലേശം പരിഹരിക്കുന്ന കാര്യത്തിൽ എറണാകുളം,ആലപ്പുഴ കളക്ടർമാർ കഴിഞ്ഞദിവസം യോഗംവിളിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് എല്ലാസഹായവും നൽകാൻ സർക്കാർ തയ്യാറാണെന്നും അറിയിച്ചു.
തുടർന്നാണ് കളക്ടറോട് ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിക്കാൻ കോടതി നിർദ്ദേശിച്ചത്.