ചോറ്റാനിക്കര: പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ടാറിംഗിനായി ലക്ഷങ്ങൾ അനുവദിച്ചിട്ടും പണിനടക്കാതെ കണ്ണ്യാട്ടുനിരപ്പ് -കത്തനാരുചിറ റോഡ്. ഗതാഗത യോഗ്യമല്ലാതായിട്ട് നാലുവർഷം പിന്നിടുന്ന റോഡിന് 50ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. ടെൻഡർ നടപടികൾവരെ അവസാനിച്ചെങ്കിലും ടാറിംഗ് അനന്തമായി നീളുകയാണ്.
പൈപ്പിടാൻ വെട്ടിപ്പൊളിച്ച ഭാഗം അറ്റകുറ്റപ്പണി നടത്താതെ ടാറിംഗ് നടത്തിയാൽ റോഡ് വീണ്ടും തകരാനുള്ള സാദ്ധ്യത കൂടുതലാണ്. ജലജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്ന വിഷയത്തിൽ ഇതുവരെ ജലഅതോറിട്ടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 20ലക്ഷത്തിലധികംരൂപ അനുവദിച്ച് ടാർചെയ്തെങ്കിലും രണ്ടുവർഷം പിന്നിട്ടപ്പോഴേക്കും റോഡ് തകർന്നുതുടങ്ങിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡിന്റെ ദുരവസ്ഥ പരിഹരിക്കാനായില്ല.
മൂന്നുമീറ്റർ വീതിയുള്ള റോഡ് ടാറിംഗ് മുക്കാൽഭാഗവും ഇളകി വലിയകുഴിയും വെള്ളക്കെട്ടുമായി സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടുവാൻ റോഡ് വെട്ടിപ്പൊളിച്ചതോടെ നാട്ടുകാരുടെ കഷ്ടകാലവും തുടങ്ങി. വേനൽക്കാലത്ത് കടുത്ത പൊടിയും മഴക്കാലം എത്തിയതോടെ ചെളിക്കുണ്ടിലുമാണ് യാത്ര. സമീപത്തെ സ്കൂളിലെ വാഹനങ്ങളും കമ്പനിയിലെ ജീവനക്കാരും സഞ്ചരിക്കുന്ന ഈ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. സമീപത്തെ ചെങ്കൽമടയിലെ വാഹനങ്ങൾ കൂടി നിരന്തരം ഓടിത്തുടങ്ങിയതോടെ റോഡിൽ കാൽനടയാത്രപോലും ദുസ്സഹമായി. കുഴികളും മെറ്റൽ ഇളകി തെറിച്ചു കിടക്കുന്നതും മൂലം ഇരുചക്ര വാഹനക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി.
ടാറിംഗിന് പാരയായത്
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ടാറിംഗ് തുടങ്ങേണ്ടെന്ന് അധികൃതരുടെ നിർദ്ദേശം.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ റോഡ് ടാർ ചെയ്യാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതേവരെ പണി തുടങ്ങിയില്ല.
ജലജീവൻ പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചതാണ് നിലവിലെ പ്രതിസന്ധി
രണ്ട് കിലോമീറ്റർ ദൂരമുള്ള കണ്യാട്ടുനിരപ്പ് കത്തനാരുചിറ റോഡിന് വകയിരുത്തിയ തുക ഉപയോഗിച്ച് നിലവിലുള്ള റോഡിന്റെ ദൂരപരിധി കുറച്ചുകൊണ്ട് ജലജീവൻ പദ്ധതിക്കായി പൊളിച്ചഭാഗവുംകൂടി ടാർചെയ്യുവാൻ തയ്യാറാണ്. എന്നാൽ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അനുമതി നൽകണം.
കരാറുകാരൻ
ജലജീവൻ പദ്ധതിക്കായുള്ള പൈപ്പിടൽ നിർമ്മാണം പൂർത്തീകരിക്കാത്തതാണ് ടാറിംഗ് വൈകുന്നതിന് കാരണം.
അജി കെ.കെ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ