ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ത്രികോണപ്പോരിന് കളമൊരുങ്ങി. പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ വൈകിട്ട് അവസാനിച്ചപ്പോൾ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക സമർപ്പിച്ചത്. എ.കെ. ഷെമീർലാല (യു.ഡി.എഫ്), ടി.എ. ജലീൽ (എൽ.ഡി.എഫ്), എൻ.ബി. വിനൂപ് (എൻ.ഡി.എ) എന്നിവരാണ് മത്സരിക്കുന്നത്. 30നാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ലെങ്കിലും മുന്നണികൾ തമ്മിൽ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. അടുത്ത വർഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായിരിക്കും ഉപതിരഞ്ഞെടുപ്പ് എന്നാണ് കണക്കാക്കുന്നത്. യു.ഡി.എഫ് മെമ്പർ സി.പി. നൗഷാദ് മരണപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി. നൗഷാദിന് 705 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് 590 ഉം ബി.ജെ.പിയ്ക്ക് 72 വോട്ടുമാണ് ലഭിച്ചത്. 18 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് പത്ത് സീറ്റുണ്ട്. എൽ.ഡി.എഫിന് ആറും ബി.ജെ.പിക്കും സ്വതന്ത്രനും ഒന്നു വീതവും സീറ്റുകളുമുണ്ട്. 1481 വോട്ടർമാരാണ് ഇക്കുറിയുള്ളത്. ജൂലായ് 31നാണ് വോട്ടെണ്ണൽ.