കൊച്ചി: കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ തിരുവനന്തപുരം സ്വദേശിയായ കിരൺ ജ്യോതിയുടെ ലൈസൻസും പിതാവിന്റെ പേരിലുള്ള വാഹന രജിസ്‌ട്രേഷനും മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തു. 8000 രൂപ പിഴയോടൊപ്പം കോടതി വിധിക്കുന്ന പിഴയും അടയ്ക്കേണ്ടിവരും. ചെന്നൈയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കിരൺ ജ്യോതി സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കുമായി കൊച്ചി നഗരത്തിൽ കറങ്ങിയത്. പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം നടത്തി.
പിതാവിനൊപ്പം ഇയാൾ ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്ക്ക് മുന്നിൽ ഹാജരായി.