കൊച്ചി: നഗരത്തിലെ കുടിവെള്ള വിതരണത്തിന് എ.ഡി.ബിയുമായുള്ള കരാർ പുന:പരിശോധിക്കണമെന്ന് സർക്കാരിനോട് കൊച്ചി കോർപ്പറേഷൻ ആവശ്യപ്പെട്ടു. കോർപ്പറേഷന്റെ അനുമതി തേടാതെയാണ് പദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. കൗൺസിൽ യോഗത്തിൽ സി.എ. ഷക്കീർ അവതരിപ്പിച്ച പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇക്കാര്യം വ്യവസായമന്ത്രി പി. രാജീവിനെ അറിയിച്ചിട്ടുണ്ട്. എ.ഡി.ബി പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷൻ കൗൺസിലുമായി ചർച്ചചെയ്തേ നടപ്പിലാക്കാവൂ. പദ്ധതി എന്താണെന്ന് അവതരിപ്പിച്ച് കോർപ്പറേഷന്റെ അഭിപ്രായം കേൾക്കണം. എ.ഡി.ബി വായ്പ എടുക്കുന്നതിന് ആരും എതിരല്ല. വാട്ടർ അതോറിട്ടി തൊഴിലാളികളുടെയും യൂണിയൻ അംഗങ്ങളുടെയും സംശയങ്ങൾ പരിഹരിക്കണം.
കൊച്ചിക്ക് പുതിയ ജലശുദ്ധീകരണ പ്ലാന്റാണ് ആവശ്യമെന്നും മേയർ പറഞ്ഞു. പദ്ധതിയിലൂടെ അടുത്ത പത്തുവർഷം കൊച്ചിയിലെ കുടിവെള്ളത്തിന്റെ ചുമതല ജലമേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ കുത്തകയായ സൂയസ് എന്ന കമ്പനിക്കാണ് ലഭിക്കുന്നത്. എ.ഡി.ബി പോലുള്ള സംവിധാനങ്ങളുടെ നിബന്ധനകളുടെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് കുടിവെള്ള വിതരണമേഖല എത്തിച്ചേർന്നാൽ കുടിവെള്ളത്തിന്റെ കച്ചവടമൂല്യം വർദ്ധിപ്പിച്ചുകൊണ്ട് സേവനങ്ങളുടെ നിരക്ക് ഗുണഭോക്താക്കൾക്ക് താങ്ങാനാവാത്ത വിധം വർദ്ധിപ്പിക്കേണ്ടി വരുമെന്ന് പ്രമേയത്തിൽ പറയുന്നു. പ്രമേയത്തെ യു.ഡി.എഫ് കൗൺസിലർ എ.ആർ. പദ്മദാസും നാല് ബി.ജെ.പി കൗൺസിലർമാരും എതിർത്തു. പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറയും കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസുമടക്കമുള്ള കോൺഗ്രസ് കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ചു.
*എം.പി.സി രൂപീകരണം സർക്കാരിനെ സമീപിക്കും
നഗരമേഖലയുടെ സമഗ്ര വികസനം മുൻനിറുത്തി കൊച്ചിയിൽ മെട്രോപ്പൊലിറ്റൻ ആസൂത്രണസമിതി (എം.പി.സി) രൂപീകരിക്കണമെന്ന് കോർപ്പറേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും നിലനിറുത്തിയേ എം.പി.സി രൂപീകരിക്കാവൂ എന്ന് മേയർ പറഞ്ഞു.
യു.ഡി.എഫ് കൗൺസിലർ ആന്റണി പൈനുതറ അവതരിപ്പിക്കുകയും യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ പിന്തുണയ്ക്കുകയുംചെയ്ത പ്രമേയത്തെ കൗൺസിലർമാർ അനുകൂലിച്ചു. മുനിസിപ്പാലിറ്റി നിയമം വന്നശേഷം നമ്മുടെ വികസനത്തിന്റെ ദിശമാറിയെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.