കൊച്ചി: ചട്ടങ്ങൾ പാലിക്കാതെ വാഹനം ഉപയോഗിക്കുന്നവരിൽ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമുണ്ടെന്ന് ഹൈക്കോടതി. എമർജൻസി വാഹനങ്ങളിൽപോലും അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണ് ഫ്‌ളാഷ് ലൈറ്റ്. കളക്ടറുടെ വാഹനമായാലും നിയമലംഘനത്തിന് നീതീകരണമില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കമുള്ളവർ നിയമം ലംഘിച്ച് സർക്കാർ ബോർഡുകളും മുദ്രകളും വാഹനത്തിൽ സ്ഥാപിക്കുകയാണ്. അവർ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളിൽ പോലും ഇതുകാണാം. ഉന്നതരുടെ നിയമലംഘനങ്ങൾക്കെതിരെ മോട്ടോർവാഹന വകുപ്പിന് നടപടിയെടുക്കാൻ കഴിയുന്നില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു.
ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തിയ തുറന്ന ജീപ്പിൽ സഞ്ചരിച്ച പശ്ചാത്തലത്തിൽ, വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കരുത്. നിയമം ലംഘിച്ചാൽ പിടിച്ചെടുത്ത് ആക്രിയാക്കണം. അവ ഉടമയ്ക്ക് വിട്ടുനൽകുന്ന സാഹചര്യമുണ്ടാകരുത്.
സർക്കാർ വാഹനങ്ങളാൽ
ജനം ബുദ്ധിമുട്ടുന്നു
നിയമവിരുദ്ധമായി സർക്കാർ ബോർഡ് വച്ച് ബീക്കൺ ലൈറ്റിട്ട് യാത്ര ചെയ്ത കെ.എം.എം.എൽ എം.ഡിയുടെ വാഹനം കസ്റ്റഡിയിലെടുത്ത് കോടതിക്ക് റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. സർക്കാർ ഹാജരാക്കിയ ഫോട്ടോയിൽ വാഹനത്തിൽ ബോർഡോ ബീക്കൺ ലൈറ്റോ ഉണ്ടായിരുന്നില്ല.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എത്തുംമുമ്പ് ഇവ മാറ്റിയിട്ടുണ്ടെങ്കിൽ ഗുരുതര കുറ്റമാണ്. ഇവരണ്ടും ഉൾപ്പെടുന്ന ഫോട്ടോ ഹാജരാക്കിയില്ലെങ്കിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകേണ്ടിവരും. സർക്കാർ മുദ്രവച്ച വാഹനങ്ങളുടെ ബാഹുല്യംമൂലം സാധാരണക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്നും കോടതി പറഞ്ഞു.