കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഒന്നര കിലോ തിമിംഗില ഛർദ്ദി (ആംബർഗ്രിസ്) കടവന്ത്ര പൊലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശികളും പൊലീസ് ഉദ്യോഗസ്ഥരുമായ ജാഫർ, നൗഷാദ് എന്നിവർ അറസ്റ്റിലായി.
ഇന്നലെ രാവിലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസ് വിവരം അറിയിച്ചതനുസരിച്ച് കോടനാടു നിന്ന് ഫോറസ്റ്റ് സംഘം എത്തി തിമിംഗില ഛർദ്ദി കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ലക്ഷദ്വീപിൽ നിന്നാണ് തിമിംഗില ഛർദ്ദി കൊച്ചിയിലെത്തിച്ചതെന്നാണ് പ്രാഥമിക വിവരം. വിൽക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെങ്കിലും ആരാണ് വാങ്ങേണ്ടിയിരുന്നതെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.