justice-nitin

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് നിതിൻ ജംദാർ നിയമരംഗത്ത് തലമുറകളുടെ അനുഭവസമ്പത്തുള്ള കുടുംബാംഗം. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് നിതിൻ ജംദാറിന് വേണ്ടി കേന്ദ്രസർക്കാരിന് ശുപാർശ നൽകിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷമാകും നിയമനം. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ആശിഷ് ജെ. ദേശായ് കഴിഞ്ഞ 5ന് വിരമിച്ചിരുന്നു.

2012 ജനുവരി 23നാണ് ജസ്റ്റിസ് നിതിൻ ജംദാ‌ർ ബോംബെ ഹൈക്കോടതിയിൽ നിയമിതനാകുന്നത്. ആക്ടിംഗ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2026 ജനുവരി 9വരെയാണ് സർവീസ് കാലാവധി.

ഷോലാപൂരിലെ അഭിഭാഷക കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ്. മഹാരാഷ്ട്രയിലെ വിവിധ സ്കൂളുകളിലെ പഠനത്തിന് ശേഷം സിഡെൻഹം കോളേജിൽ നിന്ന് കൊമേഴ്സിലും മുംബയ് സ‌ർക്കാർ ലാ കോളേജിൽ നിന്ന് നിയമബിരുദവും നേടി. തുടർന്ന് ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി. ഭരണഘടന, ഭരണനിർ‌വഹണ നിയമങ്ങളിൽ പ്രാവീണ്യം നേടി. വിവിധ സർവകലാശാലകളുടേയും നഗരസഭകളുടേയും കോൺസലായും പ്രവർത്തിച്ചു. ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ നേതൃസ്ഥാനവും വഹിച്ചു. കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാൻഡിംഗ് കോൺസലായിരിക്കേയാണ് നിതിൻ ജംദാർ ജഡ്ജിയായത്.