കൊച്ചി: കൊച്ചി മെട്രോയുടെ രാത്രിപ്പണി കലൂർ- പാലാരിവട്ടം റൂട്ടിൽ വൻ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കലൂർ സ്‌റ്റേഡിയം സ്‌റ്റേഷനിലെ ചുവരുകളിൽ അലുമിനിയം പാനൽ ഘടിപ്പിക്കലാണ് ക്രെയിൻ ഉപയോഗിച്ച് രാത്രിയിൽ മെട്രോ ചെയ്യുന്നത്. സ്റ്റേഡിയം സ്റ്റേഷന്റെ കലൂർ ഭാഗത്തു നിന്നുള്ള വഴിയിലാണ് നോ എൻട്രി ബോർഡുകൾ സ്ഥാപിച്ച് പണികൾ നടക്കുന്നത്.
പാലാരിവട്ടം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ റോഡ് ക്രോസ് ചെയ്ത് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതും ഇവിടെ തന്നെയാണ്. പാലാരിവട്ടത്തു നിന്നും കലൂരു നിന്നുമുള്ള വാഹനങ്ങൾ കറുകപ്പള്ളി, പുതുക്കലവട്ടം, എളമക്കര ഭാഗങ്ങളിലേക്ക് തിരിയുന്ന ദേശാഭിമാനി ജംഗ്ഷനും കലൂർ പള്ളിക്ക് മുൻവശവുമെല്ലാം കടന്ന് കലൂർ സിഗ്നൽ ജംഗ്ഷൻ വരെ കുരുക്ക് നീളും. കഴിഞ്ഞ ദിവസം മഴകൂടിപെയ്തപ്പോൾ കുരുക്ക് മണപ്പാട്ടിപ്പറമ്പ് ജംഗ്ഷൻ വരെ നീണ്ടു.
സ്റ്റേഡിയം സ്റ്റേഷൻ ജെയിൻ ട്യൂബ്സ് എന്ന കമ്പനിയ്ക്ക് ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് പാനൽ ഘടിപ്പിക്കുന്നത്. പരസ്യ ഇനത്തിൽ 50 ലക്ഷം രൂപയുടെ കരാറാണ്. എറണാകുളത്തെ ഇൻടെക് കമ്പനിക്കാണ് നിർമ്മാണ കരാർ. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയോ ഗതാഗതം വഴിതിരിച്ചു വിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്തത് ഗതാഗത പ്രശ്നം രൂക്ഷമാക്കുന്നു. ജൂലായ് ഒന്നിന് ആരംഭിച്ച പണികൾ 20നുള്ളിൽ തീർക്കാനാണ് കരാർ. രാത്രി 11 മുതൽ പുലർച്ചെ 5 വരെ ഗതാഗതം നിയന്ത്രിക്കാം. 11ന് മുമ്പേ ഗതാഗത നിയന്ത്രണം തുടങ്ങുന്നുണ്ടെന്നാണ് പരാതി.
പ്രധാന പാത അടച്ച് സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് പിന്നിലെ പെട്രോൾ പമ്പിനും കെ.എസ്.ഇ.ബി ഓഫീസിനും മുന്നിലൂടെയുള്ള വഴിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ടൈൽ വിരിച്ച് ഭംഗിയാക്കിയിരുന്ന ഇടറോഡ് ഇപ്പോൾ തകർന്ന് കിടക്കുകയാണ്. കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും ഒന്നിലേറെത്തവണ വെട്ടിപ്പൊളിച്ചതോടെയാണ് റോഡ് തകർന്നതെന്ന് മെട്രോ അധികൃതർ പറയുന്നു.
ഇടറോഡ് പൊട്ടിപ്പൊളിഞ്ഞതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്.
കൊച്ചി മെട്രോ അധികൃതർ
മുന്നറിയിപ്പ് നേരത്തെ നൽകി ഗതാഗതം തിരിച്ചു വിടേണ്ടിയിരുന്നു.
ഗൗതം
യാത്രക്കാരൻ, ഐ.ടി ജീവനക്കാരൻ
പണി തുടങ്ങിയ അന്ന് മുതൽ കച്ചവടത്തെ വരെ ബാധിക്കുന്ന തരത്തിലാണ് ഗതാഗത കുരുക്ക്
അസ്‌ലം
സമീപത്തെ ഹോട്ടൽ ജീവനക്കാരൻ